മരണശേഷം ജീവാത്മാവിന് എന്തു സംഭവിക്കുന്നു ?
വളരെയധികം ആളുകൾ ഉന്നയിച്ച ചോദ്യമാണ്. ആചാര്യന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവായ വിശ്വാസം പറയാം.പക്ഷേ അതിനു മുമ്പ് ജീവാത്മാവ് എന്താണെന്ന് സാമാന്യമായി നമുക്കൊന്ന് ചിന്തിച്ചു നോക്കാം. ജീവൻ അല്ലെങ്കിൽ ജീവാത്മാവ് തികച്ചും ഒരു ചേതനയാണ് , ഊർജ്ജമാണ്. ഇതിന്റെ ഉല്പത്തി സാക്ഷാൽ പരമാത്മാവ് അഥവാ ബ്രഹ്മത്തിൽ നിന്നാണ്. അതുകൊണ്ടാണ് ജീവാത്മാവിന്റെ പരമ ലക്ഷ്യമായി ബ്രഹ്മപദ പ്രാപ്തിയെ പറയുന്നത്. ജീവാത്മാവിന്റെ ഉല്പത്തിഎന്നു പറഞ്ഞു. അതെങ്ങനെയാണ് സംഭവിക്കുന്നത് ?
അഗ്നിയിൽ നിന്ന് കോടിക്കണക്കിന് അഗ്നിസ്പുലിംഗങ്ങൾ (തീയിൽ നിന്നും തീപ്പൊരി) ഉണ്ടാകുന്നത് പോലെ, അല്ലെങ്കിൽ വെള്ളച്ചാട്ടത്തിൽ നിന്നും കോടിക്കണക്കിന് ജലഗണങ്ങൾ ഉണ്ടാകുന്നത് പോലെ പരമാത്മാവിൽ നിന്നും കോടാനുകോടി ജീവാത്മാവ് സൃഷ്ടമാകുന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ബ്രഹ്മസങ്കല്പം അനുസരിച്ച് അതിന് ഭൂമിയിലേക്ക് ആകർഷണം ഉണ്ടാകുകയും പുല്ലിലും പൂച്ചയിലും മനുഷ്യനിലും മറ്റും,അങ്ങനെ അനേകകോടി ജീവജാലങ്ങളുടെ പുംബീജങ്ങളിലൂടെ അണ്ഡവുമായി സംയോജിച്ച് പുതിയ ശരീരത്തെ സ്വീകരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഒരു സംശയം ഉണ്ടായേക്കാം. പുതിയ ജീവാത്മാക്കളാണോ ശരീരം സ്വീകരിക്കുന്നത് ? പുതിയ ജീവാത്മാക്കൾ പ്രഥമ ജന്മം സ്വീകരിക്കുമ്പോൾ തന്നെ ശരീരം ഉപേക്ഷിച്ച ജീവാത്മാക്കൾ കർമ്മ ഗതിക്കനുസരണം പിതൃ യാനത്തിലൂടെ (ബലിയും ജലവും എന്ന പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ) പിതൃലോകത്ത് എത്തുകയും സമയം വരുമ്പോൾ ഭൂമിയിൽ വീണ്ടും പുതിയ ശരീരം സ്വീകരിക്കുകയും ചെയ്യുന്നു. വളരെ അപൂർവ്വം ചില ജീവാത്മാക്കൾ മാത്രം നേരിട്ട് മോക്ഷം പ്രാപിക്കുകകയോ ദേവയാനത്തിലൂടെ ബ്രഹ്മ ലോകത്ത് എത്തിച്ചേരുകയോ ചെയ്യുന്നു. അഖില ലോകങ്ങളിലും ജീവാത്മാവ് വസിക്കുന്നു എന്ന് സാരം.
ജീവാത്മാവ് സൂക്ഷ്മശരീരിയാണെന്ന് പറഞ്ഞു. ഒരു രോമാഗ്രത്തിനെ പതിനായിരം ഭാഗമായിവിഭജിച്ചാൽ എത്ര ചെറുതാണോ അത്രയും വലിപ്പമേ ജീവാത്മാവിനുള്ളൂ എന്ന് പറയപ്പെടുന്നു.എന്നാൽ ആ ജീവാത്മാവ് ഒരു മനുഷ്യ ശരീരത്തോ ആനയുടെ ശരീരത്തോ പ്രവേശിച്ചാൽ അതുകളുടെ രോമാഗ്രത്തോളം, നഖാഗ്രത്തോളം ജീവാത്മ ബോധം നിറയുന്നു. അതുകൊണ്ട് ,ജീവാത്മാവ് അണുതരമാണെങ്കിലും മഹത്തരവും ആകുന്നു. ജീവാത്മാവിനെ അറിയുന്ന അടയാളമാണ് ശരീര താപം. ശരീരത്തിൽ നിന്നും ജീവാത്മാവ് അകന്നു കഴിഞ്ഞാൽ ശരീരം തണുക്കുവാൻ തുടങ്ങുന്നു. നമ്മുടെ ശരീരത്തിൽ ജീവാത്മാവിന്റെ സ്ഥാനം ഹൃദയത്തിൽ ആണെന്നാണ് സങ്കല്പം. ഹൃദയം തുടിക്കുന്നിടത്തോളം ജീവനുണ്ട്.ഹൃദയം നിലച്ചാൽ ജീവൻ വിട്ടകന്നു എന്നറിയുന്നു.
പൂജാരി മനോജ് കെ. വിശ്വനാഥൻ