പ്രാണൻ ഉണ്ടെന്നുള്ളതിൽ തെളിവുണ്ടോ? ഉണ്ട് .

ജീവനുള്ള ഒരു ശരീരത്തെ എടുത്തുയർത്തുവാനോ ചുമക്കുവാനോ വളരെ നിഷ്പ്രയാസം സാധിക്കും. പക്ഷേ , ഒരു ശവശരീരം എടുത്തുയർത്തുവാൻ മൂന്നുനാല് പേരെങ്കിലും വേണ്ടിവരും. കാരണം മരണശേഷം ശരീരത്തിന്റെ പ്ലവത്വം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. ശരീരത്തിന് പ്ലവത്വം അഥവ ലഘുത്വം നൽകുന്നത് പ്രാണൻ ആണ്. എഴുപതു കിലോ ഭാരമുള്ള എനിക്ക് എന്റെ ശരീരഭാരം ഒട്ടും അനുഭവപ്പെടാതെ ജീവിക്കുവാൻ സാധിക്കുന്നുണ്ട്. അതിനുള്ള കാരണം എന്റെ ശരീരത്തിൽ പ്രാണൻ ഉണ്ടെന്നുള്ളതാണ്.

അല്പം കൂടി വിശദമാക്കാം.

   ഒരു ശരീരത്തിലെ എല്ലാ ധർമ്മങ്ങളും നിർവഹിക്കുന്നത് പ്രാണനാണ്. രോഗം വരുമ്പോൾ അതിനെതിരെയുള്ള പ്രതിരോധത്തെ ഉണ്ടാക്കുന്നതും , ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കുന്നതും , വിശപ്പും ദാഹവും അറിയിക്കുന്നതും, മലമൂത്ര വിസർജനം ചെയ്യിക്കുന്നതും എല്ലാം പ്രാണൻ തന്നെ. ദിവസവും ശരീരത്തിൽ അനേകം കോശങ്ങൾ നശിക്കുകയും പുതിയത് ഉണ്ടാവുകയും ചെയ്യുന്നു. ഒരു മുറിവുണ്ടായാൽ ആ ഭാഗത്തേക്ക് പ്രാണൻ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ആ മുറിവ് വേഗം ഭേദമാക്കുവാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ പ്രപഞ്ച സംവിധാനത്തിനനുസരിച്ച് ശരീരത്തിനുള്ളിൽ സദാ സമയം നടക്കുന്ന ക്രിയാശക്തിയാണ് പ്രാണൻ.

ബൃഹത്തായ ഈ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന പ്രാണൻ സൗകര്യാർത്ഥം സ്വയം അഞ്ചായി വിഭജിച്ചു. പ്രാണൻ , അപാനൻ, സമാനൻ ,ഉദാനൻ , വ്യാനൻ എന്നിവയാണത്.

ഞാൻ നിങ്ങളുടെ മുമ്പിൽ പൂജാരി ആണ്. അത് എന്റെ ഒരു കർത്തവ്യം മാത്രമാണ്.
പക്ഷേ , ഞാൻ ഒരു ഭർത്താവാണ്, അച്ഛനാണ് ,മകനാണ്, സഹോദരനാണ്. ഇതേപോലെ അഞ്ചു കർത്തവ്യം മനോജ് എന്ന നാമധാരിയായ ഞാൻ ചെയ്യുന്നതുപോലെ മുഖ്യപ്രാണൻ പ്രാധാനമായും അഞ്ചു കർത്തവ്യങ്ങൾ ചെയ്യുന്നുണ്ട്.ഓരോ കർത്തവ്യ നിർവഹണത്തിനും ഓരോ പേരും സഹായികളെയും കൂട്ടുന്നുണ്ട്. ഉദാഹരണത്തിന് ഭർത്താവിന്റെ കർത്തവ്യം നിർവഹിക്കുവാൻ ഭാര്യ സഹായി ആകുന്നതുപോലെ, അച്ഛനോടുള്ള കർത്തവ്യം നിർവഹിക്കുവാൻ അച്ഛൻ തന്നെ സ്വയം സഹായിയാകുന്നത് പോലെ, പഞ്ചപ്രാണനോടൊപ്പം അഞ്ചു സഹായികളെയും കൂട്ടി. ഇവരെയാണ് പഞ്ചവായുക്കൾ എന്ന് പറയുന്നത്.നാഗൻ , കൂർമൻ , ക്രികലൻ, ദേവദത്തൻ ,ധനഞ്ജയൻ, എന്നിവരാണ് ആ പഞ്ചവായുക്കൾ അഥവാ പ്രാണന്റെ ഉപപ്രാണൻമാർ . പ്രാണന് നാഗൻ, അപാനന് കൂർമ്മൻ എന്ന രീതിയിൽ യഥാക്രമം മനസ്സിലാക്കുക.

നമുക്ക് പഞ്ചേന്ദ്രിയങ്ങൾ ഉണ്ട് .കണ്ണ് ,മൂക്ക് ,നാക്ക്, ചെവി , ത്വക്ക് എന്നിവയാണ് അവ.
അതുപോലെ കർമ്മേ ന്ത്രിയങ്ങൾ ഉണ്ട്. വായ്, കയ്യ് ,കാല് , മലദ്വാരം , ജനനേന്ദ്രിയം എന്നിവയാണവ.മനസ്സ് തീർച്ചയായും ഉണ്ടല്ലോ. അപ്പോൾ ഇതിനെയെല്ലാം പ്രാണനാണ് പ്രവർത്തിപ്പിക്കുന്നത്. അതിനെപ്പറ്റി അടുത്ത ലേഖനത്തിൽ വിശദമാക്കാം.

വളരെ സംക്ഷിപ്തമായി ഒന്ന് രണ്ട് കാര്യങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കട്ടെ .

ശരീരം മനുഷ്യന് സങ്കൽപ്പിക്കുവാൻ പോലും പറ്റാത്ത സങ്കീർണതകൾ നിറഞ്ഞ ഒരു ഫാക്ടറി ആണ് .അതിലെ അവയവങ്ങളെല്ലാം ഒരു കംബ്യൂട്ടറിലെ ഹാർഡ്‌വെയർ ആണെന്ന് ചിന്തിക്കുക .

പക്ഷേ അതിലും സങ്കീർണതകൾ ഉള്ള സോഫ്റ്റ്‌വെയർ ആണ് പ്രാണൻ.

വിഭജിക്കപ്പെട്ടപഞ്ച പ്രാണന്മാരുടെ ,പ്രഥമ ധർമ്മം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
പ്രാണന് ശ്വസനവും ചിന്തയും, ആണ് പ്രധാന കർമ്മം .
സമാനന്റെ കർത്തവ്യം ശരീരത്തിൽ ചൂട് നിലനിർത്തുക എന്നതാണ്. അത് പിൻവാങ്ങിയാൽ ശരീരംതണുത്തു തുടങ്ങും. ഒപ്പം മുറുക്കം വരികയും ചെയ്യും.
അപാനൻ പിൻവാങ്ങിയാൽ ഇന്ദ്രിയ സംബന്ധമായ എല്ലാ ചലനങ്ങളും ഇല്ലാതാകുന്നു.
ഉദാനന്റെ കാര്യമാണ് ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത്. ഉദാരനാണ് ശരീരത്തിന് പ്ലവത്വം അഥവാ ലഘുത്വം നൽകുന്നത് .

വ്യാനൻ പിൻവാങ്ങുമ്പോൾ ശരീരം അഴുകുവാൻ തുടങ്ങുന്നു.

കഴിഞ്ഞ ലേഖനത്തിൽ പറയുകയുണ്ടായി ,ജീവനും പ്രാണനും രണ്ടാണെന്ന്. അതിന്റെ വളരെ വലിയ ഒരു അടയാളമായി രേഖപ്പെടുത്തട്ടെ ,ജീവൻ നഷ്ടപ്പെട്ടെങ്കിലും ,പ്രാണൻ ശരീരത്തിൽ ഉണ്ടെങ്കിൽ പല അവയവങ്ങളും ഇന്ദ്രിയങ്ങളും കുറച്ചു സമയം കൂടി പ്രവർത്തിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് അവയവദാനം ഒക്കെ ചെയ്യുവാൻ നമുക്ക് സാധിക്കുന്നത് .

പൂജാരി മനോജ് കെ വിശ്വനാഥ്

Scroll to Top
×