ബലി ഇടുന്നത് കഴിവതും ജലാശയങ്ങളിൽ, ബലിയ്ക്ക് മുമ്പ് ഈറനണിയുന്നു, ബലി കർമ്മത്തിൽ തിലോദകത്തിന് ( തിലം = എള്ള്, ഉദകം = ജലം)അതീവ പ്രാധാന്യം, കൂടാതെ ബലിചോറ് ജലത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു.
അതെ ബലിയും ജലവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. നമുക്ക് പരിശോധിക്കാം. ലളിതമായാണ് പറയാൻ ശ്രമിക്കുന്നത്, എന്നാലും വളരെ ശ്രദ്ധ കൊടുക്കണം.
ശരീരത്തിൽ നിന്നും പ്രാണൻ വിട്ടകന്നാൽ പരേതന് മൂന്നിൽ ഒരവസ്ഥ തീർച്ചയായും ഉണ്ടാകും.
- ജീവൻ മുക്താവസ്ഥ. ഇവർ അനേക ജന്മത്തിലെ ആർജിത പുണ്യം കൊണ്ട് നേരിട്ട് ബ്രഹ്മലോകത്തിൽ വിലയം പ്രാപിക്കുന്നു. പിന്നീട് ജനന മരണങ്ങളില്ല.
- ക്രമ മുക്താവസ്ഥ.
പാപം ഒട്ടും ഇല്ലാത്ത അതീവ പുണ്യാത്മാക്കളാണിവർ എന്നാൽ ബ്രഹ്മസാക്ഷാത്ക്കാരം കിട്ടാതെ പോയി. ഇത്തരക്കാർക്ക് ബ്രഹ്മലോകത്ത് എത്തുവാൻ ദേവൻമാരുടെ സഹായം കിട്ടുന്നു. അർച്ചിരാതി ഗതി അഥവാ ദേവയാനത്തിലൂടെ, പ്രകാശാത്മകമായ സൂര്യൻ, അഗ്‌നി, ജ്യോതിസ്സ്, ശുക്ലപക്ഷം, ഉത്തരായനം എന്നീ കാല ദേശങ്ങൾ കടന്ന് ദേവസഹായത്തോടെ അവർ ബ്രഹ്മലോകത്ത് എത്തുന്നു. - പുനർജന്മത്തിന് അർഹമായ അവസ്ഥ.
സാധാരണ മനുഷ്യർ മരിച്ചാൽ പുനർജന്മത്തിന് അർഹമാകുകയാണ് ചെയ്യുന്നത്. അവർ ചന്ദ്രലോകത്തെ (ഭുവർ ലോകത്തെ ) ലക്ഷ്യമാക്കിയുള്ള യാത്രയിലായിരിക്കും. ഈ യാത്രയെ ധൂമാതി ഗതി അഥവാ പിതൃയാനം എന്നാണ് പറയുന്നത്. രാത്രി, കറുത്തപക്ഷം, ദക്ഷിണായനം എന്നീ സഞ്ചാരപാതകൾ കടന്ന് ചന്ദ്രലോകത്ത് എത്തുകയും സമയം വരുമ്പോൾ ഭൂമിയിൽ വീണ്ടും ജനനം എടുക്കുകയും ചെയ്യുന്നു.
ഇനിയാണ് ജലത്തിനുള്ള പ്രാധാന്യത്തെ പറ്റി പറയുന്നത്.
ഈരേഷ് പതിനാല് ലോകങ്ങൾ, അതിൽ ഭൂമി മുതൽ മേലോട്ട് ഏഴു ലോകങ്ങൾ മുകളിലോട്ടും, പാതാളം മുതൽ ഏഴു ലോകങ്ങൾ താഴോട്ടും ഉണ്ട്. സാധാരണ മനുഷ്യർ മരിച്ചാൽ ഭൂമിക്കു തൊട്ടു മുകളിലുള്ള ഭുവർ ലോകം അഥവാ ചന്ദ്രലോകത്തിലാണ് എത്തുക എന്നു പറഞ്ഞു കഴിഞ്ഞു.
ഭൂമിയിലുള്ളതൊക്കെയും സ്ഥൂലരൂപങ്ങളാണ്. എന്നു വെച്ചാൽ കാണാം, കേൾക്കാം, സ്പർശിക്കാം. മനുഷ്യർ മുതലായ സ്ഥൂലരൂപികളെല്ലാം ആഹാരം സ്വീകരിക്കുന്നത് അന്നമയ തത്വത്തിലൂടെ അഥവാ ഭൂമി തത്വത്തിലൂടെയാണ്.
എന്നാൽ ഭുവർ ലോകം അഥവാ ചന്ദ്രലോകത്തുള്ള തൊക്കെയും സൂഷ്മ രൂപത്തിലുള്ളവയാണ്. കാണാനോ കേൾക്കാനോ സ്പർശിക്കാനോ സാധ്യമല്ല. ജീവാത്മാവ് സൂഷ്മ രൂപത്തിൽ പ്രാണമയമായിരിക്കുന്നു. സൂഷ്മ രൂപികൾ ജലത്തിലൂടെ, അഥവാ ജലതത്വത്തിലൂടെ മാത്രമേ എന്തും സ്വീകരിക്കുകയുള്ളൂ എന്നാണ് സങ്കല്പം. അതുകൊണ്ടാണ് പിതൃയജ്ഞ ചടങ്ങുകൾ ജലത്തിലൂടെ നടത്തിപ്പോരുന്നത്.
ബ്രഹ്മയജ്ഞം (ധ്യാനം, പഠനം മുതലായ ) ആകാശതത്വത്തിലൂടെയും ദേവയജ്ഞം (ഹോമം, പൂജ മുതലായവ ) അഗ്നിതത്വത്തിലൂടെയും, ഋഷീശ്വരൻമാർക്ക് (വിജ്ഞാന ശ്രവണം) വായു തത്വത്തിലൂടെയും ചെയ്തു വരുന്നു.
ആകാശം, അഗ്നി, വായു ഭൂമി, ജലം എന്നീ പഞ്ചഭൂതങ്ങളാൽ സർവ്വതും നിർമ്മിക്കപ്പെടുകയും സമർപ്പിക്കപ്പെടുകയും ചെയ്യുന്നു.
ലം പ്യഥ്‌വ്യാത്മകം ഗന്ധം സമർപ്പയാമി. (ഭൂമി തത്വം )
ഹം അഭ്രാത്മകം പുഷ്പം സമർപ്പയാമി (ആകാശതത്വം)
യം മരുതാത്മകം ധൂപം സമർപ്പയാമി (വായു തത്വം )
രം വഹ്ന്യാത്മകം ദീപം സമർപ്പയാമി. (അഗ്നിതത്വം)
ടം അമൃതാത്മാനം ച നൈവേദ്യം സമർപ്പയാമി (ജലതത്വം )
ചെറിയ ചെറിയ വിഷയങ്ങളിലൂടെ മുന്നേറി പിതൃയജ്ഞത്തിന്റെ വിശാലതയിലേയ്ക്ക് കടക്കാം എന്നാണ് കരുതുന്നത്. ദയവായി എല്ലാ പ്രബന്ധങ്ങളും വായിക്കണമെന്നും സംശയമുള്ളവ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
പൂജാരി, മനോജ് . കെ.വിശ്വനാഥൻ