കാക്കയും ബലിയും

കർക്കടക വാവുബലിയെ സംബന്ധിച്ചുള്ള ഈ വാട്സാപ് ഗ്രൂപ്പിന്റെ പ്രൊഫൈൽ ചിത്രത്തിലുമുണ്ട് ഒരു കാക്ക. യഥാർത്ഥത്തിൽ വാവുബലിയും കാക്കയും തമ്മിൽ എന്താണ് ബന്ധം. ബലിച്ചോറ് കാക്കയെടുത്തില്ലായെങ്കിൽ, അല്ലെങ്കിൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ദോഷമുണ്ടോ ?

കാക്ക എടുത്തില്ലായെങ്കിലോ, കാക്കയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ലായെങ്കിലോ ഒരു ദോഷവുമില്ല. അത് ജലാശയത്തിൽ സമർപ്പിച്ച് മീനുകൾക്ക് ഭക്ഷണമാക്കാം. അല്ലെങ്കിൽ പശുക്കൾക്ക് കൊടുക്കാം. ഈ ബംഗളൂരു നഗരത്തിൽ നാട്ടിലെ പോലെ കാക്കകൾ ഇല്ല. വലിയ ഫ്ലാറ്റ് സമുച്ഛയങ്ങൾ കാക്കകളുടെ ആവാസ വ്യവസ്ഥയ്ക്ക് യോഗ്യമല്ലല്ലോ. പിതൃപൂജാ നന്തരം പ്രകൃതിക്കു വേണ്ടിയുള്ള, ജീവജാലങ്ങൾക്കു വേണ്ടിയുള്ള ഒരു സമർപ്പണം ആണ് ബലിച്ചോറ് നൽകൽ.
ബലി ചെയ്ത് സമർപ്പിക്കുന്ന അവസരത്തിൽ നാം ആവാഹിച്ചു വരുത്തിയ പിതൃക്കൾ യഥാസ്ഥാനത്തേയ്ക്ക് തിരികെ പോയ ശേഷമാണ് ബലിച്ചോറ് കാക്കയ്ക്കു വയ്ക്കുകയോ ജലത്തിൽ സമർപ്പിക്കുകയോ ചെയ്യുന്നതെന്ന് നാം പ്രത്യേകം അറിയണം.

പിന്നെ ബലിയും കാക്കയും തമ്മിലുള്ള ബന്ധമെന്താണ്?
എന്റെ ഒരു അനുഭവ കഥയിലൂടെ തുടങ്ങാം. ബാംഗ്ലൂരിലെ എനിക്ക് ഏറെ ഇഷ്ടമുള്ള അച്ഛനും അമ്മയും മക്കളുമായുള്ള ഒരു കുടുംബം. സ്നേഹനിധിയായ അച്ഛൻ കൊറോണ മഹാമാരിയിൽ
മരണമടഞ്ഞു.അന്ത്യ കർമ്മങ്ങൾ ചെയ്യുവാൻ കഴിഞ്ഞില്ല ,എന്നു മാത്രമല്ല മൃതശരീരം കാണാൻ പോലും കഴിഞ്ഞില്ല. കുടുംബം അതീവ ദുഃഖത്തിലായി.ആ അമ്മയെ ആശ്വസിപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കാതെയായി.

അങ്ങനെയിരിക്കെ ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. ആ അമ്മ ദിവസവും ഒരു മുട്ട പുഴുങ്ങി അതിന്റെ പകുതി മുറിച്ച് വീടിന്റെ വെളിയിൽ വയ്ക്കുകയും കാക്ക വന്ന് ഭക്ഷിക്കുകയും ചെയ്യുന്നത്
ഏറെ നിർവ്വതിയോടെ ആ അമ്മയും മക്കളും കാണുന്നു. വളരെ ദിവസങ്ങൾ അവർ അത് ചെയ്തുകൊണ്ടിരുന്നു.ഈ പ്രക്രിയ വഴി അവർക്കു ലഭിച്ചുകൊണ്ടിരുന്ന നിർവൃതിയും ആനന്ദവും തൃപ്തിയും എത്രയെന്ന് അവരുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി എന്ന നിലയിൽ എനിക്ക് പെട്ടെന്ന് മനസ്സിലായി. കാക്കയുടെ രൂപത്തിൽ അച്ഛൻ ഭക്ഷണം കഴിക്കുന്നു എന്ന ഒറ്റ വിശ്വാസത്താൽ വലിയ മന:ക്ലേശത്തിൽ നിന്നും ഒരു കുടുംബത്തെ മുഴുവൻ രക്ഷപെടുത്താനായല്ലോ. വിശ്വാസം രക്ഷിക്കട്ടെ.

പുരാതന കാലം മുതൽ കാക്കയ്ക്ക് മലയാളികളുടെ മനസ്സിൽ പിതൃ തുല്യമായ ഒരു സ്മരണയുണ്ട്.അത് പലവിധങ്ങളായ വിശ്വാസങ്ങളിലൂടെ പകർന്നു വന്നതാണ്.

  1. ഒരിക്കൽ മരുത്തൻ എന്ന രാജാവ് മഹേശ്വര യജ്ഞം നടത്തി. ഇന്ദ്രാദി ദേവന്മാർ എല്ലാം അതിൽ പങ്കെടുത്തു. ആ സമയം രാക്ഷസ രാജാവായ രാവണൻ അപ്രതീക്ഷിതമായി അവിടെ കടന്നെത്തുകയും ദേവന്മാർ ചില പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തിൽ ഭയന്ന് രക്ഷപ്പെടുകയും ചെയ്തു. അക്കൂട്ടത്തിൽ യമദേവൻ കാക്കയുടെ രൂപത്തിലാണ് രക്ഷപ്പെട്ടത്.ആ ഉപകാരസ്മരണയിൽ കാക്കകൾക്ക് കിട്ടിയ വരദാനമാണ് പിതൃ പൂജയ്ക്ക് ശേഷമുള്ള ബലിച്ചോറ് ഭക്ഷിക്കാനുള്ള അവസരം ആണെന്നാണ് പുരാണം പറയുന്നത്. ഓർക്കുക; പിതൃക്കളായി ചെല്ലുക എന്നല്ല.
  2. കാക്ക ശനിദേവന്റെ വാഹനമാണ്.കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതു വഴി ശനിദോഷങ്ങൾക്കു പരിഹാരം ആകുമെന്നാണ് മറ്റൊരു വിശ്വാസം.
  3. ” ഭോജന കാലെ കാക ബലീനാം ” എന്ന ഒരു പഴമൊഴിയും പ്രസിദ്ധമാണ്. ഭക്ഷണത്തിനു മുമ്പായി കാക്കയ്ക്ക് കൊടുക്കണം എന്നാണർത്ഥം.

വിദ്യാസമ്പന്നരുടെ മുമ്പാകെ വെറും വിശ്വാസം മാത്രം പറഞ്ഞാൽ മതിയാകില്ല. വിവേകത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസത്തെ വ്യാഖ്യാനിക്കേണ്ടതായുണ്ട്. ആ കടമ കൂടി എന്നാൽ കഴിയുന്ന രീതിയിൽ ചെയ്യട്ടെ.

ഇവിടെ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക എന്ന ആചാരത്തിനാണ് പ്രബലത

എന്തുകൊണ്ട്?
പ്രകൃതിയിൽ ഏറ്റവും അനിവാര്യമായ പക്ഷികളിൽ ഒന്നാണ് കാക്ക. പ്രകൃതി ശുചീകരണത്തിനും, മാലിന്യനിർമ്മാർജനത്തിനും കാക്കയോളം വരില്ല മറ്റൊരു ജന്തുവും. കൂടാതെ, ആയുർവേദ ഔഷധ സംബന്ധിയായ നാല്പാമരങ്ങളുടെ (അത്തി, ഇത്തി, അരയാൽ, പേരാൽ) പ്രജനനം പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്ക് ഏറ്റവും അനിവാര്യമാണ്. ആത്മരങ്ങൾ കാർബണ്ഡെ ഓക്സൈഡിനെ സ്വീകരിച്ച് ഓക്സിജൻ പുറന്തള്ളുന്നുവെന്നത് ശാസ്ത്ര സമ്മതമാണ്. കാക്കകൾ ഭക്ഷിച്ച്, വിസർജ്ജനം ചെയ്യുന്നതു വഴിയാണ് നാല്പാമരങ്ങളുടെ പ്രജനനം സ്വാഭാവികമായി സംഭവിക്കുക.
കാക്കകൾ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നതും , അതിരാവിലെ തന്നെ ഭക്ഷണം തേടുന്നതും അതും പ്രത്യേകിച്ച് ഭക്ഷണപദാർത്ഥങ്ങൾ കണ്ടാൽ മറ്റുള്ള കാക്കളെ കൂടി വിളിച്ചു വരുത്തി സമൂഹമായി ഭക്ഷിക്കുന്നതും ആപത്തു വന്നാൽ അതുകൾ കൂട്ടമായ് നേരിടുന്നതും ഒക്കെ നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെല്ലോ.?

അതെ പരിസ്ഥിതി പ്രവർത്തകരിൽ കാക്ക എന്ന പക്ഷിയ്ക്ക് അതീവ പ്രാധാന്യമുണ്ട്.
വിശ്വാസത്തിന്റെ പേരിലായാലും വിവേകത്തിന്റെ പേരിലായാലും കാക്കകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.
പൂജാരി, മനോജ് കെ. വിശ്വനാഥൻ

Scroll to Top
×