വന്ദ്യഗുരുനാഥന് കോരുത്തോട് ബാലകൃഷ്ണന് തന്ത്രികളുടെ ഷഷ്ടി പൂര്‍ത്തി ദിനത്തില്‍ സമര്‍പ്പിച്ച മംഗള പത്രം.
‘ആ’കാരചമയം
അനര്‍ഘസുന്ദരനിമിഷമീ, മക്കളില്‍,
ആത്മഹര്‍ഷത്തിന്റെ ധന്യവേള.
അനുപമഗുണനിധി ഗുരുനാഥനിന്നു-
അറുപതുതികയുന്ന പുണ്യവേള.
ആചാര്യദേവാ തവ പാദപത്മത്തില്‍
ആരതിയര്പ്പിക്കുന്നീ സുദിനത്തില്‍,
ആരിലും കരുണയെ ചെമ്മേ ചൊരിയും
ആരാധ്യനവിടുന്നു വാഴ്ക വാഴ്ക…
അഗ്നിയജനവും ദൈവികപൂജയും
അങ്ങേയ്ക്കനുഷ്ഠാനമാണുലകില്
അഗ്രഹാരത്തിലെ ആര്യനല്ലെങ്കിലും,
അഗ്രണിയാണഹോ തന്ത്രശാസ്ത്രത്തിലും.
അനസ്യൂതം തുടരൂ തവ ജൈത്രയാത്ര
അനുഗമിച്ചീടാമീ മാനസപുത്രന്.
ആനീയനാകട്ടനേക ക്ഷേത്രങ്ങളില്‍
ആചാര്യപദവിയെ പുല്കിടട്ടെ…
അച്ഛന്റെ കരുണയും, അമ്മേടെ സ്നേഹവും,
ആത്മമിത്രത്തിന്റെ വിശ്വാസത്തികവും,
അമൃതമധു ചൊരിയുമാ വാത്സല്യവുമേറെ
അതിധന്യനവിടുന്നു നിര്‍ലോഭമേകൂ…
അനന്ത ജന്മാര്‍ജ്ജിത പുണ്യമാവാം
അവിടുത്തെ ശിഷ്യത്വ, മീശ്വരദായകം.
അഭിമാന, മതിലേറെയാമോദമുണ്ട്
അനുചരാം ഞങ്ങള്‍ക്കു ഹൃത്തടത്തില്‍….
അകതാരിലൊരുവേള ഓര്‍ക്കായ്ക വന്നാല്‍
ആ ദിനം ദുര്ദിനമായ് ഭവിക്കും.
ആപ്തവാക്യങ്ങളെ വിസ്മരിച്ചീടില്
ആപ്തഭയമത് വന്നണയും…
ആത്മാന്വേഷണ തല്പരനങ്ങ്,
ആര്ജിച്ചീടുമനാദിയാമറിവിനെ
അഖിലര്ക്കുമേകുന്നന്പോടീവിധം
ആലേഖനത്താലും ഭാഷിതത്താലും.. .
അക്ഷതമറിവിനെ ഇക്ഷിതിക്കേകും
അക്ഷയപാത്രമേ നിത്യം വിളങ്ങുക.
അജ്ഞാന തിമിരാദി ദോഷങ്ങളകലാന്‍
അനിഷേധ്യ ശക്തിയായ് വാഴ്ക! വാഴ്ക!…..
ആചമിച്ചീടുന്നു ആചാരപൂര്വ്വകം
ആ കാരമാകുമീ അക്ഷരത്താല്‍
ആവണപ്പലകയാം മന്മനതാരില്
ആരൂഢനങ്ങിതു സ്വീകരിച്ചാലും