പ്രാണനും ആരോഗ്യവും

ജീവൻ ശരീരത്തിൽ നിലനിൽക്കാൻ സജ്ജമാക്കുന്ന ക്രിയാശക്തിയാണ് പ്രാണൻ എന്ന് നാം മനസ്സിലാക്കി.
കഴിഞ്ഞ ലേഖനത്തിൽ പ്രാണൻ സ്വയം അഞ്ചായി മാറി പഞ്ച പ്രാണന്മാർ ഉണ്ടായതും പഞ്ചപ്രാണന്മാർക്ക് സഹായികളായ പഞ്ചവായുക്കൾ സൃഷ്ടമായതും പറഞ്ഞു. മരണശേഷം ഈ പഞ്ച പ്രാണന്മാരുടെ പ്രവർത്തനം എങ്ങനെ ശരീരത്തിൽ ഉണ്ടാകുന്നുവെന്നും ചുരുക്കമായി പറഞ്ഞു..
ഇന്നത്തെ ദിവസം ജീവനുള്ള ശരീരത്തിൽ പ്രാണൻ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കാം. ആയുർവേദത്തിൽ യഥാർത്ഥത്തിൽ ചികിത്സിക്കുന്നത് ശരീരത്തെ അല്ല പ്രാണനെയാണ്.അതായത് രോഗത്തെ അല്ല രോഗകാരണത്തെയാണ് ചികിത്സിക്കുന്നത്.പ്രാണന്മാരുടെ പ്രവർത്തനം വികലമാകുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. പ്രാണന്റെ സുഗമമായ പ്രവർത്തനത്തെയാണ് ആരോഗ്യം എന്നു പറയുന്നത്..
കഴിഞ്ഞദിവസം പറഞ്ഞുവെച്ച പഞ്ച പ്രാണൻമാരിലേക്കും പഞ്ചവായുകളിലേക്കും ഒന്നുകൂടി പോകാം.. ശരീരത്തിൽ അവയുടെ സ്ഥാനങ്ങളും ജോലികളും ലളിതമായി മാത്രം പറയാം..

പ്രാണൻ: സ്ഥാനം ഹൃദയഗ്രന്ധികളിൽ ആണ്. ശ്വസന പ്രക്രിയ അഥവാ ശ്വാസോച്ഛ്വാസമാണ് പ്രധാന ജോലി.
അപാനൻ :സ്ഥാനം ഗുദം അഥവാ മലദ്വാരം ആണെന്ന് പറയുന്നു. മലമൂത്രവിസർജനം തുടങ്ങിയവയൊക്കെയാണ് പ്രധാന ധർമ്മം. ഗ്യാസ് സംബന്ധമായ രോഗങ്ങൾക്ക് കാരണം അപാനൻ ശരിക്ക് പ്രവർത്തിക്കുന്നില്ല എന്നതാണ്.. പ്രസവം നടക്കാൻ അപാനൻ സഹായിക്കുന്നു.
വ്യാനൻ : ശരീരത്തിൽ മുഴുവൻ ഒഴുകി നടക്കുന്നുവെന്നോ വ്യാപിച്ചിരിക്കുന്നു എന്നോ പറയാം. വിയർപ്പ് ഉണ്ടാക്കുന്നത് വ്യാനൻ ആണ്. രോമാഞ്ചം, സ്പർശനാനുഭവം ഇതൊക്കെ ഉണ്ടാക്കുന്നതും വ്യാനന്റെ ജോലിയാണ്.
ഉദാനൻ : നാഭിയിൽ സ്ഥിതി ചെയ്യുന്നു. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്നത് കൂടാതെ, ജഠരാഗ്നിയെ ത്വരിതപ്പെടുത്തി ദഹന ശക്തിയെ വളർത്തുന്നു. സമാനൻ :കണ്ഠത്തിൽ അഥവാ കഴുത്തിലാണ് സ്ഥാനം.. ശരീരോഷ്മാവിനെ സമാനഗതിയിൽ നിയന്ത്രിക്കുന്നതിനാലാണ് ആ പേര് വന്നത്.. അഥവാ തണുപ്പ് കൂടുതലുള്ള സ്ഥലത്ത് ശരീരത്തിന് താപം നൽകുന്നതും, ചൂടു കൂടുതലുള്ള സ്ഥലത്ത് തണുപ്പ് നൽകുന്നതും സമാനനാണ്.
ഇനി പഞ്ചവായുക്കൾ

നാഗൻ: കൺദൃഷ്ടി,കൺപീലികളെ ചലിപ്പിക്കൽ ഇതൊക്കെയാണ് ജോലി. കണ്ണുമായി ബന്ധപ്പെട്ട നാഡിയിൽ സ്ഥിതിചെയ്യുന്നു.
കൂർമ്മൻ :- വിശപ്പും ദാഹവും ഉണ്ടാക്കുന്നു, അറിയിക്കുന്നു. ശരീരത്തിൽ രണ്ടുള്ളത്, അഥവാ കണ്ണ്,മൂക്ക്, ചെവി, കിഡ്നി,കാലുകൾ, കൈകൾ ഇതിന്റെയൊക്കെ നിയന്ത്രണം കൂർമ്മനാണ്. കൂർമ്മ ശക്തി എന്നൊക്കെ കേട്ടിട്ടില്ലേ? കണ്ണിന്റെയും ചെവിയുടെയും ഇടയിൽ കേന്ദ്രനാഡിയിൽ ആണ് സ്ഥാനം.
ക്രികലൻ :മനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ക്രികലന്റെ ശ്രദ്ധ. കോട്ടുവായിടുക തുടങ്ങി ശരീരത്തിന് ആയാസം നൽകുന്ന പ്രവർത്തികളിലും പങ്കുണ്ട്. നട്ടെല്ലിലാണ് സഞ്ചാരം.

ദേവദത്തൻ : ശരീരത്തിനകത്തുള്ള എല്ലാ കോശങ്ങളുടെയും നിയന്ത്രണം ദേവദത്തനാണ്.

ധനഞ്ജയൻ: ശരീരത്തിന് പുറത്തുള്ള കോശങ്ങളുടെ അഥവാ ത്വക്ക് മുതലായവയുടെ കോശങ്ങളുടെ നാശവും ജനനവും ഉണ്ടാക്കുന്നത് ധനഞ്ജയൻ ആണ് . മുറിവ് ഉണക്കുന്നതും ധനഞ്ജയൻ..
ചുരുക്കത്തിൽ പ്രാണന്റെ ശരിയായിട്ടുള്ള പ്രവർത്തനം കൃത്യമായി നടക്കുന്നുവെങ്കിൽ ഒരു മനുഷ്യായുസ്സ് വരെയൊക്കെ ജീവിക്കാൻ സാധിക്കും. ഇതിനു വേണ്ടിയാണ് പ്രാണായാമം എന്ന ക്രിയ തന്നെ സംജാതമായത്. പ്രകൃതിയുമായി ഇണങ്ങി
ജീവിക്കുക എന്നതാണ് പ്രാണനെ പ്രീണിപ്പിക്കുവാൻ മറ്റൊരു ഉപാധി.
എന്തായാലും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത കൊറോണ വൈറസ് നേരിട്ട് ആക്രമിച്ചത് പ്രാണനെയായിരുന്നു.അതുകൊണ്ടുതന്നെ രോഗം ഏറ്റവും ബാധിച്ചത് ശ്വാസകോശത്തെയും.

പൂജാരി മനോജ്.കെ. വിശ്വനാഥൻ

Scroll to Top
×