എന്നോട് ആത്മാവ് സംസാരിച്ചപ്പോൾ …

ഒരു അനുഭവം

  സാധാരണ മനുഷ്യന്റെ മരണം എങ്ങനെ സംഭവിക്കുന്നു എന്ന് പറയുന്നതിന്റെ മുന്നോടിയായി എന്റെ ഒരു അനുഭവ കഥ പറയാം... 1999ലാണ് ഞാൻ ബാംഗ്ലൂരിലെ എന്റെ വൈദിക ജീവിതം ആരംഭിച്ചത്.ആ സമയത്ത് എന്റെ  ഒരു പേരപ്പൻ (അച്ഛന്റെ ജ്യേഷ്ഠൻ ) എന്നോടൊപ്പം ഇവിടെ താമസിച്ചിരുന്നു. തണുപ്പും മറ്റ് രോഗങ്ങളും കൂടുതൽ അസ്വസ്ഥനാക്കിയപ്പോൾ അദ്ദേഹം മനസ്സില്ലാമനസ്സോടെ നാട്ടിലേക്ക് തിരിച്ചു പോയി. ചില കുടുംബ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

ഒരു ദിവസം വെളുപ്പിന് കൃത്യം നാലു പതിനഞ്ചിന് ഞാൻ ഒരു സ്വപ്നം കണ്ടു. ആ പേരപ്പൻ മരിച്ചുപോയതായും, “തന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യുവാൻ വേഗം നാട്ടിലേക്ക് വരാൻ ” ആത്മാവ് പറയുന്നതായും സ്വപ്നത്തിൽ കാണുകയുണ്ടായി. സ്വപ്നത്തിൽ നിന്നും ഉണർന്നെങ്കിലും അത് വെറും സ്വപ്നമായി മാത്രം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ചിരിക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിച്ചു. അക്കാലത്ത് മൊബൈൽ ഫോൺ വളരെ ചുരുക്കം പേർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ലാൻഡ് ഫോൺ ഉണ്ടെങ്കിലും പകൽ 10 മണിക്ക് ശേഷമേ ഓഫീസ് തുറക്കൂ. സാധാരണ നാട്ടിൽ നിന്നും അടിയന്തര കാര്യങ്ങൾ അറിയിക്കുവാൻ ഈ ലാൻഡ് ഫോണോ ഓഫീസ് സെക്രട്ടറിയുടെ ലാൻഡ്ഫോണോ ആണ് ഉപകരിക്കുന്നത്. ഏതായാലും വിവരം ഉറപ്പിക്കുവാൻ എസ് ടി ഡി ബൂത്ത് വഴി നാട്ടിലേക്ക് ബന്ധപ്പെടുവാൻ ശ്രമിച്ചിട്ട് അതിനും സാധിച്ചില്ല.
എന്തായാലും എത്രയും വേഗം നാട്ടിൽ പോകുവാൻ ഞാൻ തീരുമാനിച്ചു.. അക്കാലത്ത് ബാംഗ്ലൂർ അംബിക്കരയിൽ എന്റെ ജ്യേഷ്ഠനും അമ്മയും താമസിച്ചിരുന്നു. അവരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും രാവിലെ എട്ടു മണിയോടെ അവർ എന്റെ അടുത്തെത്തുകയും ചെയ്തു. എന്റെ സ്വപ്ന ദർശനത്തിൽ അവർക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല. മരണാനന്തര കർമ്മങ്ങളൊക്കെ ഞാൻ തന്നെ ചെയ്യണമെന്ന് ആഗ്രഹം അദ്ദേഹം മുമ്പും അറിയിച്ചിരുന്നതിനാൽ അതിനുള്ള പണം ഒക്കെ ഈ സമയത്തിനുള്ളിൽ ഞാൻ സ്വരൂപിച്ചിരുന്നു.. ഏതായാലും ബാഗുമൊക്കെയായി ഞങ്ങൾ നാട്ടിലേയ്ക്കു പുറപ്പെടുവാൻ തുടങ്ങുമ്പോൾ ഓഫീസ് സെക്രട്ടറി അവിടെ എത്തുകയും നാട്ടിൽ നിന്നും അദ്ദേഹത്തിന് ഫോൺകോൾ വന്നെന്നും പേരപ്പൻ മരിച്ചതായി അറിയിച്ചെന്നും പറഞ്ഞു. മരണം സമയം ചോദിച്ചപ്പോൾ വെളുപ്പിന് നാല് മണി കഴിഞ്ഞ് എന്നും സെക്രട്ടറി അറിയിച്ചു. അമ്മയ്ക്കും ജേഷ്ഠനും വലിയ അതിശയം തോന്നിയെങ്കിലും എനിക്ക് എന്തോ ഒരു നിസ്സംഗതയാണ് അനുഭവപ്പെട്ടത്.

കാരണം ആത്മാവിന്റെ സാന്നിധ്യം കൃത്യമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ശവസംസ്കാര ക്രിയകൾ കഴിഞ്ഞ് 11 ദിവസത്തെ ചടങ്ങുകൾ പൂർത്തിയാകുന്നതു വരെ പല സന്ദർഭങ്ങളിലും ആത്മാവിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടിരുന്നു.

ഇതുപോലെ ഉള്ള അനുഭവങ്ങൾ പലർക്കും ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും മരണശേഷം എങ്ങനെയെന്ന വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുവാൻ ഈ അനുഭവം എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്.

പൂജാരി: മനോജ്.കെ. വിശ്വനാഥൻ

Scroll to Top
×