മരണം എങ്ങനെ സംഭവിക്കുന്നു എന്ന് നമുക്ക് ചിന്തിച്ചു തുടങ്ങാം. അതിനു മുൻപ് ക്രമ മുക്തി അഥവാ സമാധി എന്താണെന്ന് ഏറ്റവും ചെറുതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കാം.
ശരീരത്തിൽ മൂന്നു പ്രധാന നാഡികളും ആറ് ആധാരങ്ങളും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. (മനുഷ്യ ശരീരത്തിൽ 72000 നാഡീ കോശങ്ങൾ ഉള്ളതായും അതിലെ കേന്ദ്ര നാഡീവ്യൂഹം എന്ന് പറയുന്നത് മസ്തിഷ്കവും സുഷുമ്നാ നാഡിയും ചേർന്നതാണെന്നത് ശാസ്ത്രസമ്മതമാണ്)
ഇച്ഛാശക്തി ,ജ്ഞാനശക്തി, ക്രിയാശക്തി എന്നിവ ശരീരത്തിന് നൽകി അതിനെ പ്രവർത്തനക്ഷമമാക്കുന്നത് കേന്ദ്ര നാഡീവ്യൂഹമാണ്. നാഡി എന്നാൽ ചാനൽ എന്നാണർത്ഥം 32 ജോഡി സുഷുമ്നാനാഡി നട്ടെല്ലിന് കീഴെ നിന്നാരംഭിച്ച് മസ്തിഷ്കത്തിൽ അവസാനിക്കുന്നു. സുഷുമ്നയുടെ ഇടതുഭാഗത്ത് സുഷുമ്നയെ ചുറ്റിപ്പിരിഞ്ഞ് ഇഡ എന്ന നാഡിയും, വലതുഭാഗത്തുനിന്ന് ചുറ്റിപ്പിരിഞ്ഞ് പിംഗളാ എന്ന നാഡിയും ഉള്ളതായി ഭാരതീയ ദർശനം പറയുന്നു. സുഷുമ്നയുടെ ആറു ഭാഗങ്ങളിൽ കൃത്യമായ കേന്ദ്രങ്ങളിലാണ് ഇഡയും പിംഗളയും ചുറ്റി പിരിയുന്നത്.
ശ്വാസോച്ഛ്വാസം നടക്കുന്നത് ഇഡ, പിംഗള നാഡികളിൽ കൂടിയാണ്.
ചില സമയങ്ങളിൽ ഇടതു മൂക്ക് ദ്വാരത്തിലൂടെയും ചില സമയങ്ങളിൽ വലതു മൂക്ക് ദ്വാരത്തിലൂടെയും ആണല്ലോ ശ്വാസം ബഹിർഗമിക്കുന്നത്. നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന കാര്യമാണിത്.
പ്രാണചലനം നടത്തുന്ന ഇഡ – പിംഗളനാഡികൾ സുഷുമ്നയുമായി സംഗമിക്കുന്ന ഭാഗത്തെയാണ് ആധാരങ്ങൾ (ഷഡാധാരങ്ങൾ)എന്ന് പറയുന്നത്.
ഊർജ്ജ ശക്തി മൂലം ആ ഭാഗം ഒരു ചുഴി പോലെ അനുഭവപ്പെടുന്നുവെന്നുള്ളതിനാൽ ചക്രം (ഷഡ് ചക്രങ്ങൾ )എന്നും പറയപ്പെടുന്നു. ശാക്തികമായും താന്ത്രികമായും വളരെ വലിയ അന്വേഷണങ്ങൾ, പഠനങ്ങൾ,ഈ ചക്രങ്ങളെ പറ്റിയും ആധാരങ്ങളെ പറ്റിയും നടന്നിട്ടുണ്ട്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.
പക്ഷേ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ. വൈദ്യശാസ്ത്രത്തിന്റെ ലോഗോയിൽ ഒരു ദണ്ഡിനെ ഇടതു നിന്നും വലതു നിന്നും രണ്ട് പാമ്പുകൾ തല മേലെയും വാല് താഴെയുമായി ആറിടത്ത് ചുറ്റിയുള്ള ദൃശ്യം നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. അതിരിക്കട്ടെ.
ഏറ്റവും താഴെയുള്ള ചക്രം മൂലാധാരമാണ്.
പിന്നീട് സ്വാധിഷ്ഠാനം, മണിപൂരകം, അനാഗതം,
വിശുദ്ധി, ആജ്ഞാചക്രം എന്നിങ്ങനെ മസ്തിഷ്കമായ സഹസ്രാരപത്മത്തിൽ വരെയെത്തുന്നു. മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയെ അഥവാ ജീവാത്മാവിനെ സാധനയാൽ ഉണർത്തി പടിപടിയായി ഓരോ ചക്രങ്ങളെയും കടന്ന് സഹസ്രാര പത്മത്തിൽ എത്തിച്ചാൽ മഹായോഗികളായി തീരുമെന്നും പലവിധമായ സിദ്ധിവിശേഷങ്ങൾ ഉണ്ടാകും എന്നും വിശ്വസിക്കപ്പെടുന്നു. അത്തരം യോഗികൾ സ്വമേധയാ ബ്രഹ്മരന്ധ്രം ( ഉച്ചിച്ചുഴി ) ഭേദിച്ച് ജീവാത്മാവിനെ പുറത്തെത്തിക്കുകയും പരമാത്മ ചൈതന്യത്തിൽ വിലയം കൊള്ളുകയും ചെയ്യുന്നു. “പടിയാറും കടന്നവിടെ ചെന്നാൽ ശിവനെ കാണാകാം ശിവശംഭോ “എന്ന് നാം പ്രാർത്ഥിക്കാറുണ്ടല്ലോ. ഇതിനെ തന്നെയാണ് മഹാസമാധി എന്നും ക്രമമുക്തി എന്നും പറയപ്പെടുന്നത്.
പൂജാരി :മനോജ് കെ വിശ്വനാഥൻ