പഞ്ചമഹായജ്ഞം യഥാക്രമം എന്തൊക്കെയാണ്? * എന്തിനു വേണ്ടി അനുഷ്ഠിക്കണം ?

ബ്രഹ്മയജ്ഞം, പിതൃയജ്ഞം,ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം എന്നിവയാണ് പഞ്ചമഹായ യജ്ഞങ്ങൾ. ഇത് അനുഷ്ഠിക്കേണ്ടത് എന്തിനെന്ന ചോദ്യത്തിന്, പ്രപഞ്ചത്തിന്റേയും സമാജത്തിന്റേയും സമാധാനപരമായ നിലനിൽപ്പിന് എന്ന് ഒറ്റവാക്കിൽ മറുപടി പറയാം. ഈ പ്രപഞ്ചത്തിൽ , ഏതൊരു ജീവിക്കും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയുണ്ട്. സൃഷ്ടി കർത്താവ് വളരെ സൂക്ഷ്മതയോടെ അത് നിർവഹിച്ചിരിക്കുന്നു. മനുഷ്യൻ മുതൽ ശതകോടി ജീവജാലങ്ങൾ ഈ പ്രപഞ്ചത്തിൽ ജനിച്ച് സ്വധർമ്മം ചെയ്തു മരിച്ചു മണ്ണടിയുന്നു. പ്രപഞ്ചത്തിന് ആവശ്യമില്ലാത്തതൊന്നും ഇവിടെയില്ല. ചിന്തിക്കുക എന്ന കഴിവോടുകൂടി (മനനം ചെയ്യുന്നവൻ മനുഷ്യൻ ) മനുഷ്യനെ സൃഷ്ടിച്ചു. ചിന്തിക്കുന്നവന് അറിയാം, തനിക്ക് മാത്രമായി ഈ ഭൂമിയിൽ ജീവിക്കാനാവില്ല. പരസ്പര ആശ്രയമില്ലാതെ സ്വന്തം കഴിവുകൊണ്ട് മാത്രം ആർക്കും ഒന്നും ചെയ്യാനില്ല. ജീവിക്കണമെങ്കിൽ ഓക്സിജൻ വേണം. വെള്ളം വേണം. ഭക്ഷണം വേണം. വസ്ത്രം വേണം. പാർപ്പിടം വേണം. പ്രപഞ്ചത്തിന്റെ പലവിധ സംവിധാനങ്ങളിലൂടെയാണ് ഇതൊക്കെയും ലഭിക്കുക. ഈ പ്രപഞ്ച സംവിധാനങ്ങൾ നമുക്ക് ഒരുക്കിത്തരുന്നതിനെ സ്വീകരിച്ച് ആ സുഖസമൃദ്ധിയിൽ മാത്രം രമിച്ചിരുന്നാൽ മതിയോ ?. ഈ പ്രപഞ്ച സംവിധായകരോട് ഒരു സ്നേഹ വായ്പ്, കടപ്പാട്, ഒക്കെ നാം നിർവഹിക്കേണ്ടതല്ലേ.? അതിനെയല്ലേ മനുഷ്യത്വം എന്ന് വിളിക്കുന്നത്.

ഇനി ബ്രഹ്മയജ്ഞം എന്നത് എന്താണെന്ന് പറയാം. ഒരു വ്യക്തിയുടെ , കുടുംബത്തിന്റെ, സമാജത്തിന്റെ സമാധാനപരമായ ജീവിതത്തിന് ധർമ്മബോധം ഏറ്റവും അനിവാര്യമാണല്ലോ. മാതാപിതാക്കളിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും പിന്നെ പുരാണ ഇതിഹാസങ്ങളിൽ നിന്നും നല്ല കഥകളിൽ നിന്നുമൊക്കെ ഈ ധാർമിക മൂല്യങ്ങൾ നമുക്ക് ലഭ്യമാകുന്നു. അത്തരം അറിവുകളെ കൂടുതലായി അറിയുകയും മറ്റുള്ളവർക്ക് , വരും തലമുറയ്ക്ക്, കുഞ്ഞുങ്ങൾക്ക്, പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതാണ് ബ്രഹ്മ യഞ്ജം. ബ്രഹ്മയജ്ഞത്തിനെ ഋഷിയജ്ഞം എന്നും പറഞ്ഞു വരുന്നു. രണ്ടാമത്തെ യജ്ഞമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയും മറ്റ് ഉറ്റവരെയും സ്നേഹ ബഹുമാനങ്ങളോടെ പരിപാലിക്കുക എന്നതാണ് പിതൃയജ്ഞത്തിൽ പ്രഥമം,

പിന്നീടാണ് മരിച്ചുപോയ പൂർവികർക്ക് തർപ്പണം ചെയ്യുക അഥവാ ശ്രാദ്ധം ചെയ്യൽ .

തർപ്പണം എന്നാൽ തൃപ്തിയോടെയുള്ള കർമ്മമെന്നാണ് അർത്ഥം. ശ്രാദ്ധം എന്നാൽ ശ്രദ്ധയോടെയുള്ള കർമ്മം. പിതൃയജ്ഞത്തെപ്പറ്റി അടുത്ത ലേഖനങ്ങളിൽ സമഗ്രമായ ഒരു പഠനം ഉണ്ടാകുന്നതാണ്.

അടുത്തത്, ദേവയജ്ഞമാണ്. പ്രകൃതിയിൽ നമുക്ക് വരദാനം ആയിരിക്കുന്ന ഓരോന്നിനും ഓരോ ദേവതാസങ്കല്പങ്ങൾ ഉണ്ട് . സൂര്യദേവൻ, ഇന്ദ്രദേവൻ, വരുണദേവൻ , അഗ്നിദേവൻ ,അങ്ങനെ തുടങ്ങി ഒട്ടനവധി. ദേവന്മാരാണ് ഈ ഭൂമിയെ മഴ കൊണ്ടും അനേകങ്ങളായ ധാതുക്കൾ കൊണ്ടും നമുക്ക് ജീവിക്കുന്നതിന് സഹായകരമാകുന്നത്. അത്തരം ദേവന്മാർക്ക് വേണ്ടിയുള്ള യാഗത്തെ ദേവയജ്ഞം എന്ന് പറയുന്നു.ക്ഷേത്രദർശനം പൂജ ,ഹോമം , മന്ത്രോച്ഛാരണം. സന്ധ്യാവന്ദനം, പ്രാർത്ഥന, ഇതൊക്കെ ദേവയജ്ഞത്തിന്റെ ഭാഗമാണ്.
അടുത്തത്, ഭൂതയജ്ഞം അഥവാ ഭൗതിക യജ്ഞം. നമ്മുടെ ഗൃഹത്തിന് ചുറ്റുമുള്ള ജന്തു മൃഗാദികൾ, സസ്യജാലങ്ങൾ, എന്നിവയ്ക്ക് ആഹാരവും വെള്ളവും കൊടുക്കുക എന്നതാണത്. ചെടികൾ നനയ്ക്കുക,വളർത്തുക, തുളസിക്ക് ദീപം തെളിയിക്കുക, പശു പരിപാലനം, പക്ഷികൾക്കും മറ്റും ആഹാരം കൊടുക്കൽ ഇതൊക്കെയും ഭൂതയഞ്ജത്തിന്റെ ഭാഗമായി നടന്നുവരുന്ന ആചാരങ്ങളാണ്.

മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന യജ്ഞമാണ് മാനുഷയജ്ഞം. അതിഥികളെ ഉപചാരപൂർവ്വം സ്വീകരിക്കുക ഇതാണ് മുമ്പൊക്കെ ഇതിൽ പ്രധാനം. അതിഥികൾ എന്ന് പറഞ്ഞാൽ ഒരു തിഥിയിൽ കൂടുതൽ യാത്ര ചെയ്തു വരുന്നവർ, തിഥി അറിയിക്കാതെ വരുന്നവർ എന്നൊക്കെ അർത്ഥമുണ്ട്. ഭിക്ഷാംദേഹികൾ, സന്ന്യാസികൾ എന്നും പറയാം. പക്ഷേ ഇന്നത്തെ ഭിക്ഷാംദേഹികൾ ദുരുദ്ദേശപരമായി കടന്നു വരുന്നവരാണ് എന്നുള്ളതിനാൽ ആരും തന്നെ ഭിക്ഷക്കാരെ വീട്ടിൽ സ്വീകരിക്കുന്നതിൽ പ്രോത്സാഹിപ്പിക്കുന്നില്ല.

പകരം നിരാലംബർക്കും ദുഃഖിതർക്കും രോഗികൾക്കും തന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുക, പ്രത്യേകിച്ച് ,വിശക്കുന്ന വയറിനെ സഹായിക്കാൻ പറ്റുന്ന തരത്തിൽ അന്നദാനം നടത്തുക, ദുരിതം അനുഭവിക്കുന്ന വനെ സഹായിക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സഹായം നൽകൽ ഒക്കെ ആവാം.

ദേവാദി പിതൃക്കൾക്കും, പക്ഷിമൃഗാദികൾക്കും, പട്ടിണിക്കാരനും, വെച്ചുകൊടുത്തതിനുശേഷം ആഹരിക്കുന്ന ഗൃഹസ്ഥന് സന്തതി നാശം ഒരിക്കലും ഉണ്ടാകില്ല എന്നത് നിശ്ചയം.

നാല് കർമ്മങ്ങളാണ് നാം അനുഷ്ഠിക്കാറുള്ളത്. ഒന്ന്, നിത്യകർമ്മം . ഇത് ദിവസേന അനുഷ്ഠിക്കുന്ന കർമ്മങ്ങളാണ്.
രണ്ട് ,നൈമിത്തിക കർമ്മം. ചില നിമിത്തങ്ങൾ സൂചിപ്പിക്കുമ്പോൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ . മൂന്ന് . കാമ്യകർമ്മങ്ങൾ. കാമപൂരണത്തിനായി അഥവാ ആഗ്രഹസാഫല്യത്തിനായി ചെയ്യുന്നവ.
നാല്, പ്രായശ്ചിത്തകർമ്മങ്ങൾ. നിഷിദ്ധമായത് ചെയ്താലോ, ചെയ്യേണ്ടത് ചെയ്യാതിരുന്നാലോ ഉണ്ടാകുന്ന ദുഃഖ മൂലം ചെയ്യുന്നതാണ് പ്രായശ്ചിത്തകർമ്മങ്ങൾ.

പഞ്ചമഹായജ്ഞങ്ങൾ നിത്യകർമ്മത്തിൽ ഉൾപ്പെടുന്നു.അതുകൊണ്ട് അത് ദിനവും അനുവർത്തിക്കുക തന്നെ വേണം.

“പഞ്ചയജ്ഞാന കൂർവാണോ ന്യൂനം ദുർഗതിമാപ്നുയാത് യജ്ഞാവശിഷ്ടഭോക്താര: സ്പൃശ്യന്തേ ന ഹി പാപ്മഭി:

ബ്രഹ്മയജ്ഞം തുടങ്ങിയ അഞ്ചു യജ്ഞങ്ങൾ ചെയ്യാത്തവൻ നരകം അനുഭവിക്കും പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കുന്നവരെ പാപം ബാധിക്കുകയില്ല എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.

ഇത്തവണത്തെ കർക്കിടക വാവുബലി ചടങ്ങുകൾ പഞ്ചയജ്ഞം യഥാവിധി സ്വീകരിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത് .

പൂജാരി ,മനോജ് കെ വിശ്വനാഥൻ

Scroll to Top
×