അമാവാസിക്ക് ബലിയിടുന്നത് എന്തുകൊണ്ട് ?, പ്രത്യേകിച്ചും , കർക്കിടക അമാവാസിക്ക് ?

അല്പം ഗഹനമായ വിഷയമാണ്. പക്ഷേ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യവുമാണ്. നമ്മുടെ ഋഷീശ്വരൻമാർ എത്ര ശാസ്ത്രബോധത്തോടെയാണ് ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നതെന്നറിഞ്ഞാൽ നാം അത്ഭുത പരതന്ത്രരാകും.

മനുഷ്യരുടെ ഒരു ദിവസം 24 മണിക്കൂർ ഭൂമിക്ക് സ്വയം ഭ്രമണം ചെയ്യാനുള്ള സമയവും, 365 ദിവസം സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള സമയവും ആണല്ലോ. അതേസമയം ചന്ദ്രൻ ഒരു മാസം കൊണ്ട് ഭൂമിയെ പ്രദക്ഷണം ചെയ്യുകയും ഓരോ ദിവസവും സ്വയംപ്രദക്ഷണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണ് ചന്ദ്രനെ ഭൂമിയിലുള്ളവർക്ക് ഒരേ ബിന്ദുവിൽകാണുവാൻ കഴിയുന്നത്. നാം ചന്ദ്രനെ കാണുന്നതിന്റെ മറുഭാഗമാണ് ഭുവർലോകം എന്നുകൂടി അറിയപ്പെടുന്ന ചന്ദ്രലോകം. (ബലിയും ജലവും എന്ന പ്രബന്ധത്തിൽ വിശദമാക്കിയിട്ടുണ്ട് ) സൂര്യനും ചന്ദ്രനും ,ഭൂമിക്ക് നേരെ 90 ഡിഗ്രിയിൽ വരുന്ന ദിവസമാണ് അമാവാസി എന്ന പേരിൽ അറിയപ്പെടുന്നത് . അമ എന്നാൽ ഒരേ സ്ഥലത്ത് എന്നും വാസി എന്നാൽ വസിക്കുന്നത് അല്ലെങ്കിൽ, ബന്ധപ്പെടുന്നത് എന്നു മാണർത്ഥം. സൂര്യൻ ജീവന്റെ അധിപതിയായ ആത്മകാരകനായും, ചന്ദ്രൻ മനസ്സിന്റെ അധിപതിയായും ജ്യോതിഷം പറയുന്നുവല്ലോ. സൂര്യന് കർക്കിടക രാശിയിൽ ഉദയം വരുമ്പോൾ കർക്കടക മാസം ആരംഭിക്കുന്നു എന്ന് നമുക്കറിയാം. അതേപോലെ ചന്ദ്രന്റെ സ്വക്ഷേത്രമാണ് കർക്കടകം. അപ്പോൾ കർക്കടകത്തിലെ അമാവാസിയിൽ സൂര്യനും ചന്ദ്രനും ഭൂമിയ്ക്കും ഒരു നേരിട്ടുള്ള ബന്ധം ഉണ്ടാകുന്നു .ഇത് ഒരു കാര്യം മാത്രം.

ഇനി മകരം മുതൽ മിഥുനം വരെയുള്ള ആറുമാസങ്ങൾ ഉത്തരായനമായും കർക്കടകം മുതൽ ധനു വരെയുള്ള ആറുമാസങ്ങൾ ദക്ഷിണായനായും അറിയാമല്ലോ.
മനുഷ്യരുടെ ഒരു വർഷമാണ് ദേവന്മാരുടെ ഒരു ദിവസം. ഉത്തരായനം ദേവകാര്യ പ്രധാനവും ദക്ഷിണായനം പിതൃ കാര്യ പ്രധാനവുമാണ്. അപ്പോൾ ദക്ഷിണായനത്തിലെ ആദ്യ അമാവാസിയായ കർക്കടക അമാവാസിയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് വ്യക്തമാകുന്നു.ഇത് രണ്ടാമത്തെ കാര്യം.

ഇനിയുള്ള കാര്യം ഒന്നുകൂടി ശ്രദ്ധിക്കുക.അമാവാസി ദിനം , നമുക്ക് കാണാനാകാത്ത ചന്ദ്രലോകത്തിന്റെ അഥവാ ഭുവർ ലോകത്തിന്റെ മറുഭാഗം പകലായി പിതൃക്കൾക്ക് അനുഭവപ്പെടുന്നു. അതായത് പിതൃക്കൾ ഉണർന്നിരിക്കുന്നു എന്ന് സാരം .അപ്പോൾ അമാവാസി ദിനം നാം ബലിയിടുമ്പോൾ പിതൃക്കൾക്ക് ഭക്ഷ്യയോഗ്യമായ മധ്യാഹ്ന ഭോജനമായി അത് അവർക്ക് ലഭിക്കുന്നു.

ഇതിലെല്ലാം ഉപരി മറ്റൊരു സവിശേഷത കൂടി പറയാനുണ്ട്. അമാവാസിക്ക് ബലിയിടുമ്പോൾ അതിൽ ദേവസാന്നിധ്യം കൂടി സംഭവിക്കുന്നു. വിശദമാക്കാം .

സൂര്യന്റെ ദക്ഷിണായന വേളയിൽ (കർക്കടകം മുതൽ മകരം വരെ) തുലാവിഷു ദിവസം ഭൂമധ്യരേഖയ്ക്ക് നേരെയാണ് ഉദയം.
ഭൂമധ്യരേഖ ഉത്തര ധ്രുവീകരുടെ അഥവാ ദേവന്മാരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ദേവന്മാർക്ക് സൂര്യോദയം കാണാതെ വരുന്നു. അതായത് ദേവന്മാരുടെ ഒരു രാത്രി തുടങ്ങുന്നു.പിന്നീട് ഉത്തരായനം തുടങ്ങി ഭൂമധ്യരേഖ മുറിച്ച് കടന്ന് ഉത്തരാർത്ഥഗോളത്തിലേക്ക് എത്തുന്ന മേഷ വിഷു വരെ (മനുഷ്യരുടെ ആറുമാസം ) ദേവന്മാരുടെ ഒരു രാത്രി നീളുന്നു.

മേടത്തിലെ വിഷുവിന്റെ പ്രാധാന്യം ദേവന്മാരുടെ പകലിന്റെ തുടക്കം ആണെന്ന് ഇപ്രകാരം മനസ്സിലാക്കാൻ കഴിയും.

അന്നുമുതൽ ആറുമാസം കഴിഞ്ഞുള്ള തുലാവിഷുവരെ ദേവന്മാരുടെപകൽ സമയമാണ്. ഈ പകൽ സമയത്ത് തന്നെ നമുക്ക് നട്ടുച്ച അനുഭവിക്കുന്നത് പോലെ ദേവന്മാർക്ക് മേടമാസം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോൾ അതായത്, കർക്കടകത്തിൽ നട്ടുച്ചയായി വരുന്നു. ദേവന്മാർക്കും പിതൃക്കൾക്കും അങ്ങനെ വർഷത്തിൽ കർക്കടകത്തിലെ കറുത്തവാവ് ഒരേസമയം മധ്യാഹ്നമായി അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ പിതൃക്കൾക്ക് ഊട്ടു നൽകുമ്പോൾ ദേവസന്നിധ്യം കൂടി ഉണ്ട് എന്ന് നിശ്ചയം. ദേവന്മാരുടെ മധ്യാഹ്ന സമയം ആയതിനാൽ ആയിരിക്കാം രാമായണമാസാചരണവും ഈ മാസത്തിൽ നടത്തപ്പെടുന്നത്.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. മനുഷ്യരുടെ ഒരു മാസം പിതൃക്കളുടെ ഒരു ദിവസമായി അനുഭവപ്പെടുന്നു .
അതിൽ പൗർണമി മുതൽ അമാവാസി വരെയുള്ള കൃഷ്ണപക്ഷം പിതൃക്കൾക്ക് പകലായും, അമാവാസി മുതൽ പൗർണമി വരെയുള്ള ശുക്ലപക്ഷം രാത്രിയായും അനുഭവപ്പെടുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം ആത്മീയമായി ചിന്തിച്ചാൽ ഈശ്വരനിലേക്കുള്ള വികാസമാണ് പൗർണമി. ഈശ്വരനിലേക്കുള്ള ലയമാണ് അഥവാ സമർപ്പണം ആണ് അമാവാസി .

പൂജകളെല്ലാം സമ്പൂർണ്ണമായ സമർപ്പണമാണ്. ദേവന്മാർക്ക് ആയാലും പിതൃക്കൾക്കായാലും അമാവാസി സമർപ്പണത്തിന്റെ ദിനമാണ്.പ്രത്യേകിച്ച് കർക്കടക അമാവാസി.

പൂജാരി , മനോജ്.കെ. വിശ്വനാഥൻ

Scroll to Top
×