എന്തിനാണ് ഗണപതി ഹോമം ?

ഏതു കാര്യങ്ങളും തടസ്സം കൂടാതെ നടത്തുവാനും തടസ്സം വരുത്തുവാനും കഴിവുള്ള ദേവതയാണ് ഗണപതി.അതിനാൽ ഏതു ശുഭകാര്യങ്ങൾക്ക് മുൻപിലും ഗണപതിയെ പൂജിച്ച് പ്രസാദിപ്പിക്കുക എന്നത് ഹിന്ദുക്കളുടെ ആചാരവിശ്വാസങ്ങളിൽ പ്രധാനമാണ്.ചെറിയ ശുഭകാര്യങ്ങൾക്ക് (ഉദാ : നാമകരണം ചോറൂണ് വ്രത അനുഷ്ഠാനങ്ങളുടെ തുടക്കം) ഇവയ്ക്കൊക്കെ ഭക്തർ തന്നെ ഗണപതി സങ്കല്പത്തോടെ ചില അനുഷ്ഠാനങ്ങൾ നടത്തുന്നു. ഗണപതിക്ക് നാളികേരം ഉടയ്ക്കൽ ഗണപതിക്ക് ഒരുക്ക് സമർപ്പിക്കൽ ഇവയൊക്കെയാണത്.
എന്നാൽ പ്രധാനപ്പെട്ട ശുഭകാര്യങ്ങൾക്ക് ഉദാ :വിവാഹം, ഗൃഹപ്രവേശങ്ങൾ, എന്നിവയ്ക്ക് തന്ത്രശാസ്ത്രപ്രകാരം അറിവും കർമ്മ കുശലതയും ഉള്ള ആചാര്യന്മാരെ ക്ഷണിച്ചുവരുത്തി ഗണപതി പൂജയോ, ഹോമമോ നിർവഹിക്കുന്നു.
പാർവ്വതീപരമേശ്വരന്മാരുടെ പുത്രനാണ് ഗണപതി. പക്ഷേ സൃഷ്ടിക്ക് മുൻപേ ഗണപതി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു പുരാണ കഥയിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ് ; സൃഷ്ടികാലത്ത് ബ്രഹ്മാവ് ആദ്യം ഒരു പശുവിനെയാണ് സൃഷ്ടിച്ചത്.പക്ഷേ ഇപ്പോൾ കാണുന്ന പശുവിന്റെ രൂപം പോലെ അല്ലായിരുന്നു അത്. തലയുടെ സ്ഥാനത്ത് വാലും വാലിന്റെ സ്ഥാനത്ത് തലയും ഒക്കെ ഉള്ള ഒരു വികൃത രൂപം. ബ്രഹ്മാവിന് തൃപ്തിയായില്ല.അടുത്തത് ഒരു മാനിനെ സൃഷ്ടിച്ചു. അതും ഒരു വികൃത രൂപമായി മാറി. ആകെ ആശങ്കാകുലനായ ബ്രഹ്മാവ് ധ്യാനനിമഗ്നനായി. അപ്പോൾ ഒരു അശരീരിയോടെ ഗണപതിയുടെ രൂപത്തിൽ ഒരു പ്രകാശവലയം ഉണ്ടാവുകയും ഇപ്രകാരം അരുളപ്പെടുകയും ചെയ്തു. “നാമാണ് വിഘ്നേശ്വരൻ. വിഘ്നങ്ങളുടെ ഈശ്വരൻ. നമ്മെ പ്രാർത്ഥിച്ചിട്ട് മാത്രമേ ഏത് കർമ്മവും ചെയ്യുവാൻ പാടുള്ളൂ. അല്ലെങ്കിൽ തടസ്സങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും”. പിന്നീട് ബ്രഹ്മാവ് വിഘ്നേശ്വര സ്മരണയ്ക്ക് ശേഷം സൃഷ്ടികർമ്മം അഭംഗുരം നടത്തിയെന്ന് കഥ.
സൃഷ്ടിക്ക് മുമ്പേ ഉള്ള ഈ ഗണപതിയെ മൂല ഗണപതി എന്ന് വിളിക്കുന്നു. മൂലഗണപതിയെ പ്രാർത്ഥിച്ചതിനുശേഷം ആണത്രേ ശിവപാർവ്വതിമാരുടെ വിവാഹം നടന്നത് പോലും . ശിവന്റെ നെറ്റിത്തടത്തിൽ നിന്നും ഗണപതി ഉത്ഭവിച്ചു എന്ന് വരാഹപുരാണത്തിൽ പറയുന്നുണ്ട്.

വിഗ്രഹ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിരവധി ഭാവങ്ങളിൽ നിരവധി രൂപങ്ങളിൽ ഗണപതിയെ ആരാധിക്കാറുണ്ട് . എല്ലാ വൈദിക താന്ത്രിക കർമ്മങ്ങളും ഗണപതി നിവേദ്യത്തോടെയാണ് ആരംഭിക്കുന്നത്. എന്തിനാണ് ഗണപതി ഹോമം എന്ന പ്രസക്തമായ ചോദ്യത്തിലേക്ക് നമുക്ക് തിരിയെ പ്രവേശിക്കാം. ഗണപതി എന്ന പേരിനർത്ഥം ഗണങ്ങളുടെ നായകൻ എന്നാണ്. ശിവന്റെ ഗണങ്ങളുടെ നായകൻ എന്ന് പ്രഥമ അർത്ഥത്തിൽ എടുക്കാം. എന്നാൽ ഗണപതി എന്ന വാക്കിന് അല്പം കൂടി വിശദമായ അർത്ഥം ചിന്തിച്ചാൽ,പഞ്ചഭൂതങ്ങൾ പഞ്ചേന്ദ്രിയങ്ങൾ എന്നീ പത്തിന്റെയും നായകൻ എന്നർത്ഥം വരും. ഗണപതിക്ക് ഏറ്റവും ഇഷ്ടം എന്ന് പറയുന്നത് അവിടുത്തേക്കുള്ള നിവേദ്യം ആണ് . നിവേദ്യങ്ങളിലൂടെ ക്ഷിപ്രപ്രസാദിയാണ് ഗണപതി.
നാളികേരം ചേർത്തുള്ള നിവേദ്യം ആണ് ഏറ്റവും ഇഷ്ടം.
മോദകം, അട,ഉണ്ണിയപ്പം,ഇവയൊക്കെയും ഏറെ ഇഷ്ടമാണ്. എന്നാൽ അഷ്ടദ്രവ്യ ഗണപതി ഹോമമാണ് ഭഗവാന് ഏറെ ഇഷ്ടം. അഷ്ടദ്രവ്യങ്ങൾ ഇവയാണ് ; 1അരിപ്പൊടി 2 കരിമ്പ് 3 കദളിപ്പഴം 4അവൽ 5 എള്ള് 6 മോദകം 7 നാളികേരം 8 മലർ .
ഈ എട്ടുംചേർന്ന ദ്രവ്യസമേതം നടത്തപ്പെടുന്ന ഗണപതിഹോമത്താൽ ഗണപതി ഭഗവാൻ പെട്ടെന്ന് പ്രസാദിക്കുകയും വിഘ്നങ്ങൾ അകറ്റി തരികയും ചെയ്യുന്നു. അഷ്ട ദ്രവ്യങ്ങളിൽ പ്രധാനം അരിപ്പൊടിയാണ്. ധാന്യ വർഗ്ഗങ്ങളിൽ ശ്രേഷ്ഠമായ നെല്ല് /അരി അക്ഷതമാണല്ലോ.കരിമ്പ് മധുരമാണ്.കദളിപ്പഴം ഔഷധമാണ് .അവൽ ദാതു സമ്പുഷ്ടമാണ്. എള്ള് ഊർജ്ജപ്രദായകമാണ്. മോദകം ആമോദകരമാണ്, ആസ്വാദ്യകരവും ആണ് . നാളികേരം കൽപ്പവൃക്ഷ ഖനിയാണ്. മലർരോഗാണു നിർമാർജനിയാണ് . നെയ്യ് ഒരു ശരീരശുദ്ധീകരണിയാണ്. ഇപ്രകാരം ധാതു സമ്പുഷ്ടമായ സമിത്തുക്കൾ അഗ്നിയിൽ ലയിക്കുമ്പോൾ ആ ഒരു മണ്ഡപത്തിൽ ശുദ്ധമായ ഓക്സിജൻ കൂടാതെ അനേകങ്ങളായ ഊർജ്ജ സമ്മേളനം തന്നെ അനുഭവപ്പെടുന്നു.ഇത് അന്തരീക്ഷത്തെയും നമ്മുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. പഞ്ചഭൂതക നിർമ്മിതമായ ഈ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും ഊർജ്ജിത പ്രേരിതമായാൽ നിർവിഘ്നം കർമ്മഫലപ്രാപ്തി ഉണ്ടാകുമെന്നതിനാൽ ആർക്കാണ് സംശയം. ഗണപതിഹോമ ശേഷം പ്രസാദം എല്ലാവർക്കും നൽകുകയും സ്വയം കഴിക്കുകയും ചെയ്യണം. എല്ലാവർക്കും ഗണപതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ .

പൂജാരി മനോജ് കെ വിശ്വനാഥൻ
ബംഗളൂരു

Scroll to Top
×