സന്ധ്യാദീപ മഹത്വം

പൈതൃകമായ ആരാധനകളിലും അനുഷ്ഠാനങ്ങളിലും സുസമ്പന്നമാണ് ഭാരതം. നാം ചെയ്യുന്ന ഓരോ അനുഷ്ഠാനങ്ങളിലും ദൈവീകമായ പ്രീതിക്കോ, മാഹാത്മത്തിനോ ഇപ്പുറം ഗുണദായകമായ മറ്റേതെങ്കിലും ഒന്ന് ഉള്ളടങ്ങിയിരിക്കുന്നു വെന്നത് സർവ്വ സമ്മതമാണ്. ഇങ്ങനെ ഓരോ അനുഷ്ഠാനങ്ങളെയും ശാസ്ത്രയുക്ത്യാ നീതീകരിക്കുകയും ചെയ്യാം.
ഇങ്ങനെയുള്ള അനുഷ്ഠാനങ്ങളിൽ പ്രഥമപ്രധാനമായ ഒന്നാണ് പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ദീപം തെളിയിക്കുക എന്നത് . ഭവനം ഐശ്വര്യപൂർണ്ണമാകുന്നതിന് ഈ അനുഷ്ഠാനം അത്യന്താപേക്ഷിതമാണെന്ന് ഭാരതീയർ കരുതുന്നു. എന്നാൽ അത്യന്താധുനിക ജീവിതത്തിന്റെ ഭാഗമായി അണുകുടുംബങ്ങൾ പിറന്നു വീണപ്പോൾ അവശ്യം ആചരിക്കേണ്ടുന്ന അനുഷ്ഠാനങ്ങൾ പോലും നമ്മിൽ നിന്ന് അന്യമായി കൊണ്ടിരിക്കുകയാണ്. സന്ധ്യാസമയങ്ങളിൽ ദീപം കൊളുത്തി പ്രാർത്ഥന നടത്തേണ്ട നാം നവമാധ്യമങ്ങളുടെ വിജ്രുംഭിതമായ പുതിയ പുതിയ കാഴ്ചകളിലേക്ക് കണ്ണും കരളും അർപ്പിച്ചിരിക്കുകയാണ്. ഫലമോ, നമ്മുടെ വീടുകളിലെ ഒരു അലങ്കാര വസ്തുവായി കുടിയേറപ്പെട്ടിരിക്കുകയാണ് ദേവസ്വരൂപമായ നിലവിളക്കുകൾ. ഇത്തരം അനുഷ്ഠാന വ്യതിയാനങ്ങളിൽ നിന്ന് സ്വത്വവും ചൈതന്യവും നഷ്ടപ്പെട്ട ഒരു പുതിയ തലമുറയെയാണ് നാം ഇപ്പോൾ കൂടുതലും പരിചയിക്കുന്നത്.

പ്രത്യക്ഷ ദേവനായ ആദിത്യന്റെ പ്രതിനിധിയാണ് അഗ്നി. അഗ്നി സ്പർശിക്കുന്നത് എന്തും പരിശുദ്ധമായി തീരുമെന്ന വിശ്വാസത്താലാണ് എല്ലാ മംഗള കർമ്മങ്ങളും അഗ്നിസാക്ഷിയായി ചെയ്യുന്നത്. കത്തി നിൽക്കുന്ന ദീപം കുണ്ഡല്യ ഗ്നിയുടെ പ്രതീകമായും കണക്കാക്കുന്നു.

സൂര്യാദി നക്ഷത്രങ്ങളെല്ലാം ജ്യോതിസുകളാണ്. ഈ ജ്യോതിസ്സുകൾക്കെല്ലാം ജ്യോതിസ്സായ പ്രപഞ്ചജ്യോതിസ്സ്, അഥവാ ഈശ്വരന്റെ പ്രതീകം തന്നെയാണ് ദീപ ജോതിസ്സ്. അതേ ദീപജ്യോതിസ്സിന്റെ സാന്നിധ്യമാണ് നിത്യേന ഇരു സന്ധ്യകളിലും ദീപം തെളിയിക്കുന്നതിലൂടെ ഗൃഹങ്ങളിൽ കൈവരുന്നത്. അങ്ങനെ ഈശ്വര സാന്നിദ്ധ്യത്താൽ നീച ശക്തികൾക്ക് നമ്മുടെ ഭവനം അപ്രാപ്യമായി തീരുകയും അതുവഴി കുടുംബങ്ങളിൽ ഐശ്വര്യം , ഏകാഗ്രത, മനശുദ്ധി ,കർമശേഷി , ആരോഗ്യം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു.

സൂര്യോദയത്തിന് മുമ്പുള്ള സമയമാണ് പ്രാത: സന്ധ്യ. സ്നാനാദി ശുദ്ധികർമ്മങ്ങൾക്ക് ശേഷം ഗൃഹത്തിലെ പൂജാമുറിയിലോ, ഈശ്വരാധനാസ്ഥലത്തോ നിലവിളക്ക് കൊളുത്തി സൂര്യദർശന സമയം വരെയെങ്കിലും പ്രാർത്ഥനകളിലോ, ധ്യാനങ്ങളിലോ മുഴുകേണ്ടത് അനിവാര്യമാണ്. പ്രാത:സന്ധ്യയിൽ കൈ തൊഴുതു പിടിക്കുന്നത് പോലെ രണ്ടു തിരികൾ കൂട്ടിയോജിപ്പിച്ച് കിഴക്കുദശയിലേക്ക് ഒരു ദീപം കൊളുത്താവുന്നതാണ്. സായംസന്ധ്യയിൽ സൂര്യാസ്തമനത്തിന് മുമ്പായി വീട് അടിച്ചുവാരി വൃത്തിയാക്കി ശുദ്ധജലം തളിച്ച് മുമ്പ് പറഞ്ഞ പ്രകാരം രണ്ടു തിരികൾ കൂട്ടിയോജിപ്പിച്ച് കിഴക്കുദിക്കിലും പടിഞ്ഞാറ് ദിക്കിലുമായി രണ്ടു ദീപങ്ങളാണ് തെളിയിക്കേണ്ടത്.
ദീപം കൊളുത്തുമ്പോൾ എണ്ണ, തിരി, വിളക്ക് എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരമനശുദ്ധിയോടെ വേണം വിളക്ക് തെളിയിക്കേണ്ടത്. മംഗല്യവതികളായ സ്ത്രീകൾ നിലവിളക്ക് തെളിയിക്കുന്നത് അതിവിശേഷമാണെന്നും കരുതപ്പെടുന്നു.
ഒരുപിടി പുഷ്പം വിളക്കിനു മുൻപിൽ അർപ്പിക്കുക, വിളക്കിൽ ചന്ദന കുങ്കുമാദികൾ ചാർത്തുക, പുഷ്പഹാരം ചാർത്തുക, സമീപത്തായി ചന്ദനത്തിരി കത്തിച്ചു വയ്ക്കുക തുടങ്ങിയവയും ശുഭകരമാണ്.
എന്നാൽ അതിലേറെ ഗുണപ്രദമായത് കുടുംബാംഗങ്ങൾ കൂട്ടത്തോടെ പ്രാർത്ഥന ചൊല്ലുന്നതാണ്. ഇതുവഴി കുടുംബാംഗങ്ങളുടെ ഒരുമയും സ്വരുമയും വർദ്ധിക്കുകയും ചെയ്യുന്നു. സന്ധ്യാസമയങ്ങളിൽപ്രാർത്ഥനയില്ലാത്തവന് ഉപ്പില്ലാത്ത ആഹാരം കൊടുക്കണമെന്ന് ശ്രീനാരായണഗുരുദേവൻ സാന്ദർഭികമായി പറഞ്ഞിട്ടുണ്ട്. എല്ലാ ഹൃദയങ്ങളിലും, എല്ലാ കുടുംബങ്ങളിലും ഈശ്വരാരാധന ഉണ്ടായിരിക്കണമെന്നും നിഷ്കർഷിച്ചു.

പഞ്ചഭൂതങ്ങൾ, മനസ്സ്, നാദം. ബിന്ദു, കല എന്നിവയോട് കൂടിയ യന്ത്രാത്മകമായ ദീപം ആരാധനയ്ക്കും ശ്രേഷ്ഠകരമാണ്.ആ ദീപ ജ്യോതിസ്സിനെ നമ്മുടെ ഭവനങ്ങളിൽ നിത്യേന ആരാധിക്കുന്നത് വഴി ഐശ്വര്യസമൃദ്ധമായ ഗൃഹാന്തരീക്ഷം സജ്ജമാക്കുവാൻ നമുക്ക് സാധിക്കുന്നു.

ദീപ ജ്യോതി:പരംബ്രഹ്മ
ദീപോ ജ്യോതിർജ്ജനാർദ്ദന
ദീപോ ഹരളമേ പാപം
സന്ധ്യാ ദീപനമോസ്തുതേ.

പൂജാരി മനോജ് കെ വിശ്വനാഥൻ,
ബംഗളൂരു

Scroll to Top
×