കുദ്രോളി, ഗോകർണ്ണനാഥ ക്ഷേത്രത്തിൽ

ഒരു, ദിവ്യാനുഭവത്തിൻ്റെ മധുരിമയിൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിലാണ് ഞാനിപ്പോൾ.
കർണാടകയിൽ പതിനാറു വർഷത്തിലധികമായി ഗുരുധർമ്മ പ്രചരണാർത്ഥം, ജീവിക്കുന്നുവെങ്കിലും ഇന്നിത് ആദ്യമായാണ് ഞാൻ ഈ,മഹാക്ഷേത്രത്തിൽ എത്തിയത്.തീർത്തും അവിചാരിതമായി,മംഗലാപുരത്തുവരേണ്ട സാഹചര്യം ഇണങ്ങുകയും തദ്വാര ഞാൻ ഗോകർണ്ണനാഥൻ്റെ ശ്രീകോവിലിലേയ്ക്ക് എത്തപ്പെടുകയുമായിരുന്നു.
1908-ൽ ആണ് ഇന്നാട്ടുകാരുടെ ക്ഷണം സ്വീകരിച്ച് ഗുരുദേവൻ മംഗലാപുരത്ത് എത്തിയത് .12 സ്ഥലങ്ങൾ ക്ഷേത്ര നിർമ്മാണത്തിന് കണ്ടുവെങ്കിലും ജനവാസം തീരെയില്ലാത്ത, പൊതുവേ മോശമെന്നു പറയാവുന്ന ഒരു സ്ഥലം ,കുദ്രോ ളിയാണ് ക്ഷേത്രനിർമ്മാണത്തിന് ഗുരുദേവൻ തിരെഞ്ഞെടുത്തത്. 1912, ഫെബ്രുവരിയിൽ പ്രതിഷ്ഠ ചെയ്തു. അതുംഗോകർണ്ണനാഥനെ. സവർണ്ണ ക്ഷേത്രമായ ഗോകർണ്ണേശ്വരത്ത് അവർണ്ണരായ പാവം ഭക്തർപ്രവേശിച്ചുവെന്ന കാരണത്താൽ ശുദ്ധികലശത്തിനും മറ്റും നിർബന്ധിച്ചപ്പോൾ, അവരുടെ രോധനവും യാചനയും കണക്കിലെടുത്താണ് ഇവിടെ ഗുരുദേവൻ പ്രതിഷ്ഠ നിർവ്വഹിക്കുന്നത്. കേരളത്തിനു വെളിയിലെ ഗുരുദേവൻ്റെ,ഏക ശിവപ്രതിഷ്ഠ, കൂടാതെ അവസാനത്തെ ശിവ പ്രതിഷ്ഠ. ഉപ ദൈവങ്ങളെ പ്രതിഷ്ഠിക്കാൻ അനുവാദവും കൊടുത്തു.
ഇന്ന് കേരളത്തിലെഉൾപ്പെടെ ഗുരുദേവൻ നിർവ്വഹിച്ചതിൽ ഏറ്റവും ദർശന സായൂജ്യ പ്രദവും,മനോഹാരിതയും, സമ്പത് സമൃദ്ധവും ഭക്തജന സാന്നിധ്യവും നിറഞ്ഞ മഹാക്ഷേത്രമാണ് കുദ്യോളി ഗോകർണ്ണനാഥ ക്ഷേത്രം. ഗുരുദേവന്, നവരത്നാങ്കിതമായ കിരീടംവച്ച് ഞായറാഴ്ച ദിവസങ്ങളിൽ പ്രത്യേക പൂജ നടത്തുന്നു.ഇവിടെ വച്ച് മൂക ബാലന്, കാപ്പി പ്രസാദമായി നല്കി സംസാരശേഷി നല്കിയ സ്മരണ നിലനിർത്തുവാൻ, ഗുരുപൂജാ പ്രസാദമായി ഇന്നും കാപ്പിയാണ് പ്രസാദമായി നല്കി വരുന്നത്. മറ്റൊരു, അത്ഭുതം, ഗുരുദേവൻ സ്ഥാനനിർണ്ണയം നടത്തി കുഴിച്ച തീർത്ഥക്കിണറിൽ നിന്ന്, മധുര ജലം ലഭിക്കുന്നുവെന്നതാണ്. കടൽത്തീരപ്രദേശമാകയാൽ മറ്റുള്ള എല്ലാ കിണറുകളിൽ നിന്നും ഉപ്പുരസ വെള്ളം മാത്രമാണ് ലഭ്യമാകുന്നുവെന്നിടത്താണ് ഈ തീർത്ഥക്കിണറിൻ്റെ സവിശേഷത.
മറ്റൊന്നുകൂടി പറയാതെ വയ്യ, കർണാടകയിലെ ആര്യ ഈഡിക_ ബില്ലവർ ഗുരുദേവനോട്പുലർത്തുന്ന ഭക്ത്യാദരവുകൾ നാം മാതൃകയാക്കേണ്ടതാണ് .

കേന്ദ്ര മന്ത്രിയായിരുന്ന ശ്രീ,ജനാർദ്ധന പൂജാരിയുടെ, ഗുരുഭക്തിയാണ് ഈ ക്ഷേത്രത്തിൻ്റെ വളർച്ചയ്ക്ക് ഏറെ സഹായകമായത്. ഗുരുഭക്തി പ്രകടിപ്പിക്കുന്ന കേരളത്തിലെ രാഷ്ട്രീയ
നേതാക്കൾ ഒരുവട്ടമെങ്കിലും ഈ ക്ഷേത്രം സന്ദർശിക്കേണ്ടതാണ്.
വിവരണാതീതമായ വികസനമാണ്, കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെ നടന്നുവരുന്നത്.
ഇന്ന് ക്ഷേത്ര നവീകരണത്തിൻ്റെ 2 5-ാം വാർഷിക ദിനമായിരുന്നു. എൻ്റെ അപ്രതീക്ഷിത സന്ദർശനം ഈ ദിനത്തിൽ വന്നു പെട്ടതുകൊണ്ട്, ക്ഷേത്രാധ്യക്ഷൻ, മേൽശാന്തി തുടങ്ങിയവരോടൊപ്പം ഗണപതി ഹോമം മുതൽ മുഴുവൻ പൂജാ കാര്യങ്ങളിലും പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു.
ക്ഷേത്രഗോപുരം കടന്ന് മുൻപോട്ടുവരുമ്പോൾ വലതു വശത്ത് ആദ്യമായി, 2008-ൽ പ്രതിഷ്ഠാ പിതമായ, ഹനുമാൻ മന്ദിർ കാണാം .അതിനു തൊട്ടു തന്നെ 2012-ൽ പ്രതിഷ്ഠാ പിതമായ ഷിർദ്ദിസായികോവിൽ കാണാം. ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനുള്ളിൽ വലതു ഭാഗത്ത് ഗുരുദേവൻ, നവഗ്രഹങ്ങൾ ഇടതുഭാഗത്തായി ശനീശ്വരൻ എന്നിവരുടെ കോവിൽ കാണാം ശ്രീകോവിലിൻ്റെ പിന്നിൽ ഇടതു ഭാഗം,ഗണേശ്വരൻ,സുബ്രഹ്മണ്യൻ, വലതു ഭാഗം അന്നപൂർണ്ണേശ്വരി, കാലഭൈരവൻ എന്നീ ദേവതാ കോവിലുകളും ഉണ്ട്. നാലമ്പലത്തിനു വെളിയിലായി ഇടതുവശം ശ്രീകൃഷ്ണ ക്ഷേത്രം അതിനും പിന്നിലായിഅരയാൽ മണ്ഡപം എന്നിങ്ങനെ പോകുന്നു ,ക്ഷേത്ര ദൃശ്യങ്ങൾ.ഭഗവാൻ്റെ ഇടതുവശത്തുള്ള ക്ഷേത്രക്കുളം കൈലാസസരസ്സു പോലെ മനോഹരമാണ്.°
രണ്ടു പൂജാരിണി മാർ ഉൾപ്പെടെ 17വൈദികർ ഇവിടെ പൂജാ കാര്യങ്ങൾ നിർവ്വഹിക്കുന്നു. മേൽശാന്തി ഹരിപ്പാട് സ്വദേശിയായ ലക്ഷ്മണൻ ശാന്തിയാണ്.

തീർച്ചയായും ഈ ദിവസം എൻ്റെ ഏറ്റവും നല്ല ദിനങ്ങളിലൊന്നാണ്, അതുകൊണ്ടു ഈ അനുഭവങ്ങൾ നിങ്ങളും ആയി ഞാൻ പങ്കുവയ്ക്കട്ടെ.

Scroll to Top
×