സുഖം എവിടെ…

പരമമായ സുഖത്തിനു വേണ്ടിയുള്ള, ആനന്ദത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലാണെവിടെയും. പരമസുഖത്തിലാണെന്നു നാം കരുതുന്ന പലരും നീറുന്ന ദുഃഖങ്ങൾക്ക് അടിമകളായിരിക്കാം. യഥാർത്ഥത്തിൽ സുഖവും ദുഃഖവും പരസ്പര പൂരകങ്ങളാണ്.അതുകൊണ്ടുതന്നെ സുഖം അന്വേഷിക്കുവാനും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും കഴിയണമെങ്കിൽ നമ്മുടേയും അതോടൊപ്പം മറ്റുള്ളവരുടേയും ദു:ഖം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

വർദ്ധിച്ചു വരുന്ന അസാമാധാനവും കലുഷിതാവസ്ഥയും കുടുംബ ജീവിത ശിഥിലീകരണങ്ങളും നമ്മുടെ സമൂഹത്തിൽ കഠിന ദു:ഖങ്ങളും നീറുന്ന പ്രയാസങ്ങളും വ്യാപിപ്പിക്കുകയാണ്.അശാന്തിയുടെ പെട്ടകങ്ങളിൽ എങ്ങോട്ടെന്നറിയാതെ ചുറ്റിത്തിരിയുകയാണേറെയും ആളുകൾ.ഈ ദു:ഖങ്ങളുടെ നടുവിൽ നിന്ന് സുഖം എങ്ങനെ കണ്ടെത്തി ശാശ്വതമായി അതിനെ എങ്ങനെ നിലനിർത്താമെന്നാണ് മഹാത്മാക്കൾ ചിന്തിക്കുന്നത്.

ഭൂതകാലത്തേയും വർത്തമാനകാലത്തേയും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും, കഷ്ടനഷ്ടങ്ങളും നിരാശയും കഴിവില്ലായ്മയും കുറവുകളും മനസ്സിലും ശരീരത്തിലും ദൃഡീകരിക്കുമ്പോൾ, അതിനെ പേറി ജീവിക്കുമ്പോൾ ദുഃഖം എന്ന അവസ്ഥ ഉണ്ടാകുന്നു. എന്നാൽ സാധാരണയായി സുഖം തോന്നുന്നത് ഇന്ദ്രിയങ്ങളൂടേയും മനസ്സിന്റെയും സംവേദനങ്ങളിൽ കൂടിയാണല്ലോ. അത്, നൈമിഷികമായ ആ ഹ്ലാദമേ പ്രദാനം ചെയ്യുകയുള്ളു. കാണുമ്പോഴും കേൾക്കുമ്പോഴും സ്പർശിക്കുമ്പോഴും ഉണ്ടാകുന്ന സുഖം അതിലപ്പുറം നിലനിൽക്കുന്നില്ല.. നമ്മെ അസംതൃപ്തരാക്കി എങ്ങോ മറയുന്ന ഈ അവസ്ഥയെ സുഖമെന്നു വിളിക്കാമോ??. ഇല്ല. സുഖം ഒരു മനോഭാവം മാത്രമാണെന്നാണ് പണ്ഡിതൻമാർ ഉദ്ഘോഷിക്കുന്നത്.

അങ്ങനെയെങ്കിൽ ശാശ്വതമായ സുഖം എന്ത്?. എവിടെ?

ആഴത്തിലുള്ള ആ,,സുഖത്തെയാണ്;ആനന്ദത്തെയാണ് ഗുരുദേവനെ പോലെയുള്ള ഗുരുക്കന്മാർ കണ്ടെത്തിയതും അനുഭവിച്ചറിഞ്ഞതും. അത്തരം ആനന്ദാനുഭൂതിയുള്ളവർക്കു മാത്രമേ സകല ദു:ഖങ്ങൾക്കും ശാശ്വത പരിഹാരം കാണാനാവൂ. മറ്റുള്ളവരെ സ്നേഹത്തോടെ പുണരാനും സ്വാന്തനം നല്കാനുമാവൂ.

ഗുരുദേവൻ കണ്ണാടിയിൽ ഓംകാരം പ്രതിഷ്ഠിച്ചു. ശാശ്വതമായ ആനന്ദം നമ്മിൽ തന്നെ കണ്ടെത്താൻ പഠിപ്പിക്കലിന്റെ ഭാഗമായിരുന്നു അത്. എന്നാൽ ഉപരിപ്ലവമായ ചിന്തയിൽ നീ നിന്നെ തന്നെ ( നിന്റെ ശരീരത്തെ തന്നെ ) ആരാധിക്കുക എന്ന വ്യാഖ്യാനത്തിൽ പലരും സംപ്രീതരാകുന്നു. ആഴമേറിയതും ശാന്തവുമായ ആ ആനന്ദ സമുദ്രത്തെയാണ് നമ്മളിൽ തന്നെ കണ്ടെത്തേണ്ടതെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇന്ദ്രിയങ്ങളാൽ അറിയുവാൻ സാധിക്കാത്ത അല്ലെങ്കിൽ ഇന്ദ്രിയ ഗ്രഹണ ശക്തിക്കു് അതീതമായ ആ ആനന്ദത്തെ ഭഞ്ജിപ്പിക്കുവാൻയാതൊരു വിധ സംഘട്ടനങ്ങൾക്കോ സാമൂഹിക അസംതുലിതാവസ്ഥയ്ക്കോ സാധ്യമല്ല. എല്ലാവിധമായ സംഘർഷങ്ങളും അസമാധാനങ്ങളും നമ്മുടെ ഇടയിൽ നാo ഉണ്ടാക്കിയെടുത്തതാണ്. അവ ഒന്നും തന്നെ സ്വയമേവ പൊന്തി വരുന്നതല്ല.. ഗുരുദേവനെ പോലുള്ളവർ അനുഭവിച്ചറിഞ്ഞ ആനന്ദാബ്ദി നിത്യസത്യമാണ്. അത് പൂർവ്വാഞ്ജിതമായ സ്വത്താണ്. പക്ഷേ, നമ്മുക്കതിന് അവകാശവാദം മുഴക്കണമെങ്കിൽ:

“പ്രണവമുണർന്ന് പിറപ്പൊഴിഞ്ഞുവാഴും മുനി ജനസേവയിൽ മൂർത്തി നിർത്തിടേണം”.

സ്വരൂപ ചൈതന്യ.

Scroll to Top
×