വിശ്വാസത്തിന്റെ വിപണി.

എല്ലാ വിധത്തിലുമുള്ള സാമൂഹ്യ തിന്മകളും നിരാകരിക്കപ്പെടണം. ദൈവ വിശ്വാസത്തിന്റെ പേരിലുള്ള സാമൂഹ്യ തിന്മകളിൽ ഏറ്റവും ഭീകരമായത് മത തീവ്രവാദവും തദനുബന്ധമായ കലഹങ്ങളുമാണ്. ജ്ഞാനികളായ മഹാത്മാക്കൾ മതങ്ങളെ മോക്ഷമാർഗ്ഗങ്ങളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സകല മോഹങ്ങളും പരിത്യജിച്ചുവനു മാത്രമേ നിർവ്വാണമുള്ളുവെന്ന് ഭഗവാൻ ബുദ്ധനും, സർവ്വത്തേയുംഉപേക്ഷിച്ച് എന്റെ പിന്നാലെ വരുവിൻ എന്ന് ശ്രീയേശുവും, ത്യാഗമാണ് മോക്ഷമാർഗ്ഗമെന്ന് സനാതന ധർമ്മവും ഉപദേശിക്കുന്നു. ചുരുക്കത്തിൽ ത്യാഗത്തിലൂടെ സംജാതമാകുന്ന സമഗ്രമായ ഉണർവാണ് ആത്മീയത എന്ന് എല്ലാ മതങ്ങളും അർത്ഥശങ്കക്കിടയില്ലാത്ത വിധം ഉദ്ഘോഷിക്കുന്നുണ്ട്.

എന്നാൽ ചില മതപുരോഹിതൻമാർ മതതത്വങ്ങളെ സ്വാർത്ഥതയ്ക്കു വേണ്ടി ദുർ വ്യാഖ്യാനിച്ച് മതവിശ്വാസികളെ സത്യ – തത്വങ്ങളിൽ നിന്നകറ്റുകയും അവരെ ഭിന്നിപ്പിച്ച് കലഹത്തിന് കാരണങ്ങളൊരുക്കുകയും ചെയ്യുന്നു.സാമൂഹ്യ തിന്മകളിൽ ഏറ്റവും അധമമായത് ഇതാണ്.

മത – ദൈവ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തിന്റെ ദുർഗതി ഏറെ അനുഭവിച്ചവരാണ് നാം. ജാതീയമായ ഉച്ചനീചത്വങ്ങളുടെ വിഭ്രാന്തിയിൽ നിന്ന് നമ്മുടെ സമൂഹംസാവകാശംകര കയറി വരുന്നു എന്ന് സമാശ്വാസിക്കാമെങ്കിലും മറ്റിതര ചൂഷണത്തിനുള്ള വിവിധ ഉപാധികൾ സമൂഹത്തിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ പേരിൽ നമ്മുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന വൈകൃതങ്ങൾക്ക് കയ്യും കണക്കുമില്ല. ദൈവകോപത്തിനു പരിഹാരമായി കുഞ്ഞുങ്ങളുടെ കഴുത്തറുത്ത് ബലി നല്കുകയും, പട്ടിക്കു താലിചാർത്തി മംഗല്യദോഷം ശമിപ്പിക്കലും, നിധി കിട്ടുവാനായുള്ള കൂട്ടക്കുരുതികളും എന്നു വേണ്ട വിശ്വാസത്തിന്റെ വിക്രിയകളിൽ ഹൃദയമുള്ളവർ സ്തംഭനാവസ്ഥയിലാണിപ്പോൾ.

ഭൂമി സ്വർഗ്ഗമാക്കാൻ, ജീവിതം പരമസുഖദായകമാക്കാൻ സൂത്ര മാർഗ്ഗങ്ങളു പദേശിച്ചരുളുന്ന ദിവ്യപുരുഷൻമാരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സയൻസിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചുള്ള ഇത്തരക്കാരുടെ ജൈത്രയാത്രയെ വിദ്യാസമ്പന്നർ പോലും അനുഗമിക്കുകയാണ്. “മനശാന്തി ”വിൽപന ചരക്കാക്കുന്ന’ ഉത്തമം കുശലം വിദ്യ’ ആധുനീക സമൂഹത്തിലെ ഏറ്റവും ആദായകരമായ ഏർപ്പാടാണെന്ന് ദിവ്യപുരുഷൻമാരുടെസാമ്പത്തിക പശ്ചാത്തലം വെളിവാക്കി തരുന്നു.നാല്പതിൽപരം ആളുകളുടെ ജനനേന്ദ്രിയവും കണ്ണുകളും വൃക്കകളും മുറിച്ചുമാറ്റി ദൈവപ്രീതി വരുത്തിയ തമിഴ്നാട്ടിലെ ഒരു അപൂർവ്വ സിദ്ധന്റെ കഥ നമ്മുടെ ഓർമ്മയിൽ നിന്ന് മറഞ്ഞിട്ടില്ല.പിണങ്ങി പോയ ഭർത്താവിന്റെ തിരിച്ചുവരലിന് ഏലസ്സു കെട്ടിയ നുഗ്രഹിച്ച സിദ്ധന്റ കൈ കൊണ്ടു തന്നെ കൈവല്യം സിദ്ധിച്ച വീട്ടമ്മ…… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

യുവതിയെ,ചികിത്സിച്ച് ഗർഭിണിയാക്കുകയും കുഞ്ഞു പിറന്നപ്പോൾ, യുവതി സിദ്ധനെനിർബന്ധപൂർവ്വം അതിനെ പിടിച്ചേല്പിക്കുകയും, പിന്നീട് ആ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച് പിടിയിലായ അഴീക്കലിലെ വ്യാജ സിദ്ധനെപ്പറ്റിയുള്ള വിവരങ്ങളാണ് ഇതിൽ ഏറ്റവുംപുതിയത്.

കേവലം ആചാര അനുഷ്ഠാനങ്ങളിൽ മാത്രമാണ്, വിവിധ മതവിഭാഗങ്ങളിലുള്ള ദിവ്യപുരുഷൻമാർക്ക് അന്തരമുള്ളു. ആത്യന്തികമായി അവർക്കെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്.അതാകട്ടെ ധനസമ്പാദനവും ലൈംഗിക വൈകൃതങ്ങളുമാണ്.

‘ദിവ്യ പുരുഷൻമാർക്ക് കൈക്കൂലി കൊടുത്തും സ്തുതിപാടിയും അവരിലൂടെ ദൈവപ്രീതിയും, പ്രശ്ന പരിഹാരങ്ങളും വരുത്താമെന്ന മിഥ്യാധാരണ എന്നാണ് നമ്മുടെ സമൂഹം കൈവെടിയുക.. സഹജീവികൾക്കോ ലോകത്തിനോ ഒരു ഗുണവും ചെയ്യാത്ത ഇത്തരക്കാരുടെ നെറികേടുകളിൽ ‘വിശ്വാസത്തിന്റെ വിശുദ്ധി പണയം വെയ്ക്കുന്ന പ്രവണത വെറും ചൂഷണത്തിനിരയാകലാണെന്ന് എന്നാണി നി തിരിച്ചറിയുക. മനുഷ്യരുടെ അഭ്യുന്ന തിക്കും നി :ശ്രേയസ്സിനും മഹനീയമായ മാർഗ്ഗങ്ങളുപദേശിച്ച സദ്ഗുരുക്കൻമാരും അവരുടെ സംഭാവനകളും നമുക്കു മുമ്പിൽ സമൃദ്ധമായി രിക്കെ, ദൈവചിന്തനം എന്ന ഗുരുദേവ കൃതിയിലെ ഈ വരികൾ ഇപ്പോൾ ഏറ്റവും അനുയോജ്യമാകുന്നു.

” …. കൈയ്യിലിരിക്കുന്ന കല്പകവൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ചിട്ട് വിഷം കൊണ്ടു മരിക്കുന്നു. കഷ്ടം – കഷ്ടം — “

സ്വരൂപചൈതന്യ

Scroll to Top
×