നവരാത്രി മാഹാത്മ്യം

ആഘോഷവേളകൾ ആശയസമ്പന്നതയാൽ നിറഞ്ഞ പൈതൃകമാണ് നമ്മുടേത്. ഓരോ ആഘോഷത്തിനും അതിന്റേതായ തനിമയും മഹിമയും ശാസ്ത്രീയതയും ഇണങ്ങി നില്‌ക്കുന്നു .ഇത്തരത്തിൽ മാനവ സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ഉന്നതിക്ക് അനന്യാനുഭൂതി നല്കുന്ന ഒരാഘോഷമാണ് നവരാത്രി ആഘോഷം.

കന്യാസംക്രാന്തിയോടെ ആരംഭിക്കുന്ന കന്നിമാസത്തിലാണ് ആശ്വിന മാസം വരുന്നത്. ആശ്വിനത്തിലെ കൃഷ്ണപക്ഷം മഹാല യമെന്ന പേരിൽ അറിയപ്പെടുന്നു.മഹാലയ അമാവാസി കഴിഞ്ഞ് ശുക്ലപക്ഷ പ്രതി പദം മുതൽക്കാണ് നവരാത്രി ആരംഭം.നവരാത്രി ആഘോഷങ്ങളെ ചിലയിടങ്ങളിൽ ദസറ എന്ന പേരിലും അറിയപ്പെടുന്നു. കൊല്ലുക, മോഷ്ടിക്കുക, പരസ്ത്രീ ഗമനം ചെയ്യുക, ഏഷണി, കടുപ്പം, വ്യാജം, അസംബന്ധം ഇവ പറയുക, ദ്രോഹവിചാരം, പര ധനത്തിൽ ആശ, ഈശ്വരനും പരലോകവും ഇല്ലെന്നുള്ള ചിന്ത തുടങ്ങിയ പാപങ്ങളെ ഹനിക്കുന്നതിനാലാണ് (ദശഹര ) ഈ ആഘോഷത്തിന് ദസറ എന്ന പേരു വന്നതെന്നും പറയപെടുന്നു.

രണ്ടു മുതൽ പത്തു വയസ്സുവരെയുള്ള പെൺകുട്ടികളെ, കുമാരി, ത്രിമൂർത്തി, കല്യാണി, രോഹിണി, കാളി, ചണ്ഡിക, ശാം ഭവി, ദുർഗ്ഗ, സുഭദ്ര എന്നീ ക്രമത്തിൽ പൂജിച്ചു ഫലസിദ്ധിക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് പ്രധാന ചടങ്ങ്.

ദുർഗ്ഗ എന്ന രൂപത്തിൽ ആദിപരാശക്തി ദേവന്മാർക്ക് പ്രത്യക്ഷമായ ദിനമാണ ദുർഗ്ഗാഷ്ടമി. മഹിഷാസുരനോട് തുടർച്ചയായി 9 ദിവസം യുദ്ധം ചെയ്ത ദുർഗ്ഗ, നവമി ദിവസം രാത്രി മഹിഷാസുരനെ വധിച്ചു. അധർമ്മത്തിനു മേൽ ധർമ്മത്തിന്റെ വിജയം കൈവരിച്ചതിനാൽ പത്താം ദിവസം വിജയദശമി ആയി ആഘോഷിക്കുന്നു.

നവരാത്രിയുടെ ഒടുവിലെ ഖണ്ഡത്തിൽ അഷ്ടമി ദിനത്തിലാണ് പൂജവെയ്പ്. ഓരോ തൊഴിലിലും ഏർപ്പെടുന്നവർ അവരവരുടെ ആയുധങ്ങൾ അന്നേ ദിവസം പൂജവെയ്ക്കുന്നു. ഇതര മേഖലയിലുള്ളവർ തദനുബന്ധമായ ഉപകരണങ്ങളും പൂജവയ്ക്കുന്നു .വിദ്യാർത്ഥികൾ ഗ്രന്ഥങ്ങളിൽ സരസ്വതിയെ ആവാഹിച്ച് പൂജിക്കുന്നു.. വിദ്യാരംഭ ദിനമായ വിജയ ദശമി ദിവസം വരെ പഠിപ്പിക്കൽ, വായന, എഴുത്ത്, മുതലായവ വർജ്യമാണ്.

ചെയ്യുന്ന ഏതു തൊഴിലിനോടും ആത്മാർത്ഥതയും, അർപ്പണബോധവും ഉണ്ടാകുന്നതിലേയ്ക്കാണ് ആയുധങ്ങളും ഉപകരണങ്ങളും പൂജിക്കുന്നത്- മോഷണം,അതിക്രമം, കൊല,തുടങ്ങിയ ഹിംസാ പരമായ പ്രവൃത്തികളൊഴിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചെയ്യുന്ന ഓരോ തൊഴിലിനും അതിന്റേതായ മാന്യതയും മൂല്യവുമുണ്ട്. ഈ മൂല്യബോധവും അഭിമാനബോധവും ഊട്ടിയുറപ്പിച്ച് അതതു മേഖലകളിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന മനസ്സുകളാണ് വിജയദശമി ദിവസത്തെ പൂജയെടുപ്പിന്റെ ഫലപ്രാപ്തി.

(കേരളത്തിലെ ആഘോഷ പരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഇതര സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾ, ആചാരങ്ങൾ എന്നിവ കൂടി പരിഗണിച്ചാണ് ഈ ലേഖനം.)

തൊഴിലാളി മുതലാളി ബന്ധത്തിന്റെ പാരസ്പര്യമാണ് ആയുധ പൂജയുടെ മറ്റൊരു വശം.തൊഴിലാളികൾ ആയുധപൂജയിൽ ബഹുമാനിക്കപെടുന്നു. അവരുടെ ആവശ്യങ്ങൾ സന്തോഷപൂർവ്വം പരിഗണിക്കപ്പെടുന്നു.തൊഴിലാളി – മുതലാളി ഐക്യബോധം കർമ്മമേഖലയെ പുഷ്ടിപ്പെടുത്തുന്നു .

ദശമി ദിവസം സരസ്വതീപൂജാനന്തരം കുരുന്നുകളെ അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നു .അങ്ങനെ അറിവിന്റേയും തൊഴിലിന്റേയും ആഘോഷമായി മാറുന്നു നവരാത്രി.മനുഷ്യ ജീവിതത്തിന്റെ പരമപ്രധാനമായ ഈ രണ്ടു കാര്യങ്ങൾ ആഘോഷത്തിന്റെ തനിമയും മഹിമയും നൽകി ജനമനസ്സുകളിൽ സുദൃഡമാക്കുന്ന ആശയ ബഹുലതയെ നമിച്ചല്ലേ മതിയാകൂ….

Scroll to Top
×