ശബരിമല… ശബരിയുടെ പുണ്യം

ഭാരത മഹാരാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറേ കോണിൽ നമ്മുടെ കേരളം” ദൈവത്തിൻ്റെ സ്വന്തം നാട് ” എന്ന വിശേഷണത്തോടെ ശബരിമല ക്ഷേത്രത്തിൻ്റെ കൂടി പ്രാധാന്യത്താൽ അറിയപ്പെടുന്നുവല്ലോ.

ശ്രീ ശങ്കരാചാര്യരുടേയും, ശ്രീ നാരായണ ഗുരുദേവൻ്റേയും, ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമിക ളുടേയും മറ്റ് നിരവധി മഹാരഥൻമാരുടേയും ജന്മം.. കൊണ്ട് സുകൃതമായ നമ്മുടെ കേരളം… അതിന് ത്രേതായുഗത്തിൻ്റെ പഴക്കമുണ്ടത്രെ.നമ്മുടെ നാഗരീ കതയ്ക്കും, പ്രാചീനതയ്ക്കും വ്യാസമുനിയുടെ മഹാഭാരതത്തിൻ്റെ പഴക്കമുണ്ടെന്നുള്ളത് വിവിധ പുരാണ ഭാഗങ്ങളിൽ നിന്ന് വ്യക്തമാണല്ലോ.

കേരളത്തിൻ്റെ കിഴക്കായി കടൽനിരപ്പിൽ നിന്നും ഏകദേശം തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരിമലനിരകൾ. അനവധി ഔഷധ സസ്യങ്ങളാലും, അഖിൽ, ചന്ദനം, അരയാൽ, പേരാൽ, ഇലഞ്ഞി, പാല, വേപ്പ്, താന്നി, ഇത്തി, അത്തി, ഇല്ലി, നെല്ലി തുടങ്ങി വിവിധ വൃക്ഷ സമൃദ്ധിയാലും എപ്പോഴും ഹരിതാഭമായ ഈ മലനിരകളെ തഴുകി നിരവധി അരുവികൾ തോടുകൾ ഇവ ജലസമൃദ്ധിയും നല്കുന്നു –

ഈ മനോഹര മലനിരകൾക്ക് ശബരിമല എന്നു പേരുവരുവാൻ മാതംഗാശ്രമത്തിലെ ഒരു പുണ്യ വനിതയുടെ സാന്നിദ്ധ്യമാണെന്നു വേണം കരുതാൻ.

പൂർവ്വജന്മത്തിൽ, _ മഹാ ബ്രഹ്മജ്ഞാനിയായിരുന്ന ഒരു ഗന്ധർവ്വ രാജാവിൻ്റെ സുന്ദരിയായ പത്നി,,, അവളുടെ പേര് മാലിനി എന്നായിരുന്നു.

നിർഭാഗ്യവശാൽ ഒരു കിരാത നെ രഹസ്യകാമുകനാക്കിയതിൻ്റെ ഫലമായി ഭർത്താവിനാൽ ശപിക്കപ്പെട്ട്, കാട്ടാളക്കാമിനിയായി രൂപാന്തരപ്പെട്ടതാണ് ” ശബരി”. ത്രേതായുഗത്തിലെ ശ്രീരാമദേവനിൽ നിന്നും കളങ്ക വിമുക്തയായി, ശാപപരിഹാരം കിട്ടുമെന്ന് ഭർത്താവായ വീതിഹോത്രൻ ശാപമോക്ഷവും നല്കിയിരുന്നു.

ശബരി എത്തിച്ചേർന്നത് മതംഗാശ്രമത്തിൻ്റെ പരിസരത്താണ്. അവിടെയുള്ള വൃക്ഷലതാദികൾ അതീവ മനോഹരങ്ങ ളും ഫലഭൂയിഷ്ഠവുമായി കാണപ്പെട്ടു.പുഷ്പങ്ങളോ, ഇലകളൊ, കായ്കളൊ,  വാടിപോകുകയോ കൊഴിഞ്ഞു വീഴുകയോ ചെയ്തിരുന്നില്ല.

വാല്മീകി രാമായണം ആരണ്യകാണ്ഡത്തിൽ 73-ാം സർഗ്ഗത്തിൽ ഇതിൻ്റെ കാരണം വ്യക്തമാക്കുന്നുണ്ട്.

അതിങ്ങനെയാണ്.

മാതംഗ മുനിയ്ക്കു വേണ്ടി ശിഷ്യൻമാർ ഫലമൂലങ്ങൾ ശേഖരിച്ച് താങ്ങിയെടുത്ത് തളർന്നു വരും വഴി കുറെ വിയർപ്പുകണങ്ങൾ ആ സ്ഥലത്ത് പതിക്കുകയുണ്ടായി.

ആ സ്വേദ ബിന്ദുക്കൾ പുഷ്പങ്ങളാകുകയും അവ വൃക്ഷലതാദികളായി വളരുകയും ചെയ്തു. അവ പിന്നീട് വാടുകയോ തളരുകയോ ചെയ്തിട്ടില്ല.

ഇതെഴുമ്പോൾ എൻ്റെ മനസ്സിൽ തോന്നിയ ഒരു കാര്യം കൂടി….

ശബരിമല ക്ഷേത്രത്തിനു മുമ്പിൽ എപ്പോഴും ജ്വലിച്ചു കത്തുന്ന ആഴിയ്ക്കു സമീപം നില്ക്കുന്ന ആൽവൃക്ഷമുണ്ടല്ലോ.. അത് വാടുകയോ ഇലകൾ കൊഴിയുകയോ ചെയ്യുന്നില്ലായെന്ന് ഏതോ പത്രവാർത്ത വായിച്ചത് ഇപ്പോൾ ഓർമ്മയിൽ വരുന്നു

കഥ തുടരട്ടെ.. ആ പ്രദേശം വളരെ സുഖകരമായി തോന്നിയ ശബരി ആ വൃക്ഷലതാദികളെയും, മാതംഗ ശിഷ്യൻമാരേയും പരിചരിച്ചും തപസ്സു ചെയ്തും ചിരഞ്ജീവിയായി

നാൾ കഴിച്ചു.

മുനി ശ്രേഷ്ഠർ ശരീരത്യാഗം ചെയ്യുന്ന ഘട്ടത്തിൽ ത്രികാലജ്ഞാനമുണ്ടാകുമെന്നും ദിവ്യദൃഷ്ടി ഉണ്ടാകുമെന്നും ശബരിയെ അനുഗ്രഹിച്ചു.

രാമ ലക്ഷ്മണൻമാർ പല ആശ്രമങ്ങളും സന്ദർശിച്ച്,ഒടുവിൽ മാതംഗാശ്രമത്തിലെത്തി. ഫലമൂലാദികൾ നല്കി സ്വീകരിച്ച രാമഭക്തയായ ശബരിയെ അനുഗ്രഹിച്ച് ശാപവിമുക്തി നല്കി.

തുടർന്ന് ശബരി രാമലക്ഷ്മണൻമാരോട് ഇപ്രകാരം പറഞ്ഞു.: “ഇവിടെ നിന്ന് കുറേ, തെക്കോട്ടു ചെല്ലൂമ്പോൾ പമ്പ എന്ന സുന്ദര സരസ്സു കാണാം. അതു കഴിഞ്ഞ് കുറേക്കൂടി സഞ്ചരിച്ചാൽ ഋശ്യ മൂകമെന്ന പർവ്വതത്തിലെത്താം. അവിടെ വച്ച് സൂര്യപുത്രനായ സുഗ്രീവനെ കണ്ടെത്തുകയും സീതാന്വേഷണത്തിനായി സഖ്യം ചെയ്യുകയും ആവാം. ശത്രുസംഹാരത്തിന് ഇത് ഗുണം ചെയ്യും.”

ശ്രീരാമദേവനെ നമസ്ക്കരിച്ച് ആ താപസ്സി കണ്ണടയ്ക്കുകയും പെട്ടെന്നവൾ.. പഴയ ഗന്ധർവ്വ കുമാരിയായ മാലിനിയായിത്തീരുകയും ദിവ്യ വിമാനത്തിൽ ഭർത്താവായ വീതി ഹോത്ര നോടൊപ്പം ഗന്ധർവ്വ നഗരിയിലേയക്ക് പോകുകയും ചെയ്തു.

വൃത നിഷ്ഠയും തപശക്തിയും പാപവിമുക്തയാക്കിയ ശബരിയുടെ പുണ്യമാവണം ശബരിമല എന്ന നാമധേയം ഈമലയ്ക്ക് ഉണ്ടാകാൻ കാരണം. മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധയിൽ പെടുത്തട്ടെ..

ഈ സ്ഥലത്തിനുള്ള ഒരു വലിയ ശക്തിവിശേഷണമാണല്ലോ വാല്മീ കീ രാമായണത്തെ സ്പർശിച്ചു കൊണ്ട് പ്രസ്താവിച്ചത്.എന്തയാലും അതിപുരാതനം മുതലേ,വളരെ പാവനവും പവിത്രവുമായ പുണ്യസ്ഥലമാണ് ശബരിമല.

ശബരിമലയെ ചുറ്റി പതിനെട്ട് മലകളുണ്ട്.തുടർന്നുള്ള അധ്യായങ്ങളിൽ അവയെ പറ്റി പരാമർശിക്കുന്നതാണ്.

Scroll to Top
×