ഷിഹാബ് പൂജാരി

ഈ ഗുരു പൂര്‍ണിമാ ദിനത്തിനായി സമര്‍പ്പണം. . കസവുകോടിമുണ്ടു് തറ്റുടുത്ത് നേര്യീയതിനാല്‍ പൂണൂലുചുറ്റി വിധിപ്രകാരം ഭസ്മചന്ദനലേപനം ചെയ്ത് ഉച്ചസൂര്യനേപ്പോലെ പ്രകാശിച്ചു നില്‍ക്കുന്ന ഷിഹാബിനെ കണ്ടെപ്പോള്‍ ശിഷ്യത്വം പോലും മറന്ന് പ്രണമിക്കാന്‍ തോന്നിപ്പോയി.കണ്ണുകളിലെ അഗാധ നീലിമയും ശരീരത്തിന്റെ ചന്ദനവര്‍ണ്ണവും നിറദീപത്തിന്റെ പ്രഭയെ പോലും വിസ്മയിപ്പിക്കുന്നോ…?. . സാഷ്ടാംഗപ്രണാമം നടത്തി നിവര്‍ന്നെഴുനേറ്റ ശിഷ്യനെ മാറോടണച്ചു കൊണ്ടു പറഞ്ഞു… .സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ…. . ശാന്ത ഗംഭീരനായി ആവണപ്പലകയില്‍ ആരൂഢസ്ഥനായി അവന്‍ അഭിവാദനം ചെയ്തു. തുടര്‍ന്ന് മഹാസങ്കല്പം,സൂര്യാര്‍ഘ്യം,ഗുരു ഗണപതി വന്ദനം,ദിക്ബന്ധനം, താളത്രയം,ഭൂതശുദ്ധി അങ്ങനെ ഒന്നൊന്നായി പൂജാകര്‍മ്മങ്ങളുടെ അന്തര്‍ധാരയിലേക്ക് അവന്‍ ഒഴുകി നീങ്ങുമ്പോള്‍ ഗുരു നിര്‍ന്നിമേഷനായി.അദ്ദേഹത്തിന്റെ മനസ്സ് ജമീലാക്കായുടെ ആ ചെറുകുടിലിലേയ്ക്ക് സാവകാശം ചരിച്ചു.ഓര്‍മ്മയുടെ പൂത്താലം മനസ്സില്‍ നിറയുമ്പോള്‍ കാട്ടുചെമ്പകത്തിന്റെ സൗരഭ്യമാണ്.ജമീലാക്കയുടെ വീടിനു പിന്നിലെ ആ കാട്ടു ചെമ്പകത്തിന്‍ കീഴിലെ കറുത്ത മണ്ണിലിരുന്നാണ് ജസീലായെയും കുഞ്ഞു ഷിഹാബിനേയും കളിപ്പിച്ചു കൊണ്ടിരുന്നത്.കുഞ്ഞു ഷിഹാബ് പിറന്നു വീഴുന്നതിനുമുമ്പേ ബാപ്പ മൊഴി ചൊല്ലിപ്പോയി.കിലോമീറ്ററോളം അകലെയുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും വിറകു ശേഖരിച്ച് തലച്ചുമടെടുത്താണ് ആ കുടുംബം കഴിഞ്ഞിരുന്നത്. . ജമീലാക്കാ ഉണ്ടാക്കിയ ഓട്ടടയും പത്തിരിയുമൊക്കൊ ഒരുപാടാസ്വദിച്ചു തിന്നിട്ടുണ്ട്. ഹൊ ..എന്തൊരു രുചിയായിരുന്നതിന്….? . ഓം പ്രാണായ സ്വാഹാ…. . ഓം അപാനായ സ്വാഹാ…. . ഷിഹാബ് ദേവതയ്ക്ക് നൈവേദ്യം സമര്‍പ്പിക്കുന്നു. . ദൈവനിയോഗത്തിന്റെ അനിവാര്യതയോ , ആത്മബന്ധത്തിന്റെ ആകസ്മികതയോ . കുഞ്ഞുഷിഹാബ് വളര്‍ന്ന് ചെറുപ്പം പ്രാപിച്ചപ്പോള്‍ അവന്‍ തേടിവരുകയായിരുന്നു. ജസീലായെ ഒരുവിധം നിക്കാഹ് ചെയ്തു വിടും വരെ .അള്ളാഹ് ജമീലാക്കയുടെ ജീവന്‍ പിടിച്ചു നിര്‍ത്തി. ഉമ്മായുടെ കബറടക്കം കഴിഞ്ഞപ്പോള്‍ ഷിഹാബ് ഈ പട്ടണത്തിലേക്കു വണ്ടി കയറി. . ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനമാണ്.ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന സ്ഥാനം.മുഖ്യ പൂജാരിയായി സ്ഥാനമേറ്റെടുത്തിട്ട് വര്‍ഷങ്ങളായി. ഷിഹാബിന് എന്തെങ്കിലും ഒരു ജോലി കിട്ടുംവരെ കൂടെ താമസിപ്പിക്കാമെന്നു വിചാരിച്ചു.അവന്‍ നിസ്ക്കരിക്കുന്നത് മുടക്കിയില്ല.റംമസാന്‍ മാസത്തില്‍ വ്രതമെടുത്തു.ഖുര്‍ ആന്‍ പാരായണം ചെയ്തു.ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. . പലമതസാരവും ഏകം …മനസ്സ് എപ്പോഴും മന്ത്രിച്ചു കൊണ്ടിരുന്നു.ദൈവവും ഒന്നെല്ലെയുള്ളൂ . എന്തുകൊണ്ട് നിസ്ക്കരിച്ചു കൂടാ.? പരമകാരുണികനും ദയാനിധിയുമായ അള്ളാഹുവിന്റെ നാമധേയത്വത്തില്‍ പ്രാത്ഥിച്ചു കൂടാ..? . അറിവും ആചാരവും അനുഷ്ഠാനവും അങ്ങോട്ടും ഇങ്ങോട്ടും പകര്‍ന്നുകൊണ്ടേയിരുന്നു. പൂജാകാര്യങ്ങളില്‍ ഷിഹാബിന്റെ ശ്രദ്ധയും താല്പര്യവും വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.വേദമന്ത്രങ്ങളും സംസ്കൃതശ്ലോകങ്ങളും അവന്റെ നാവിനു നന്നായി വഴങ്ങി. . ഒരിക്കല്‍ ചോദിച്ചു …..ഞാന്‍ പൂ ജ ചെയ്യാന്‍ പഠിച്ചാല്‍ എന്നെ ക്കൊണ്ടു ചെയ്യിക്കുമോ ….? . . ഓം ദൈവമേ കാത്തുകൊള്‍കങ്ങു .കൈ വിടാതിങ്ങു ഞങ്ങളെ……. . ഷിഹാബു പൂജ സമര്‍പ്പിക്കുകയാണ് . . അവന്റെ ഗുരു , ഗുരുവിന്റെ ഗുരു സാക്ഷാല്‍ പരമഗുരു ,സകല ഗുരുക്കളും അനുഗ്രഹാശ്ശിസ്സുകള്‍ തൂവുന്നുണ്ടായിരിക്കില്ലേ.ഗുരു പൂര്‍ണ്ണിമയുടെ പുണ്യഭാവം.

Scroll to Top
×