മാതൃദേവോ ഭവഃ

മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഈശ്വരൻ കനിഞ്ഞരുളിയ ഏറ്റവും മഹത്തരമായ വരമാണ് മാതൃസ്നേഹം. അമ്മ കുഞ്ഞിനെ വാത്സല്യപൂർവ്വം പരിരക്ഷിക്കുന്നു .തെറ്റുകൾ പൊറുക്കുന്നു. കൈ പിടിച്ച്, നടക്കാൻ പരിശീലിപ്പിക്കുന്നു . മാതൃ സ്നേഹത്തിന്റെ തലോടലിൽ കുഞ്ഞിന് ഉണ്ടാകുന്ന സുരക്ഷിതത്വവും ശാന്തിയും അതിർവ്വചനീയമാണ് .അതുകൊണ്ടുതന്നെയാണ് ‘മാതൃദേവോ ഭവ’ എന്ന വിശുദ്ധ മന്ത്രം ഭാരതീയ മനസ്സിൽ രൂഢമൂലമായി തീർന്നതും. പ്രപഞ്ചശക്തിയെ ആദിപരാശക്തിയായി,ജഗന്മാതാവായി മാതൃ ഭാവത്തിൽ വീക്ഷച്ചുകൊണ്ടുള്ള ആരാധനാ സങ്കല്പം അത്യുദാത്തമായ ഒരു തലത്തെയാണ് വെളിവാക്കുന്നത്. ജനഹൃദയ ങ്ങളിൽ മാതൃത്വത്തിന്റെ ഭാവങ്ങളായ, പ്രേമവും കാരുണ്യവും ക്ഷമയും നഷ്ടമായി ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ നല്ലഗുണങ്ങൾ വളർത്തുവാൻ ജഗദംബയുടെ ആരാധനയെപ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.പുരുഷനിൽകാരുണ്യം സ്നേഹം തുടങ്ങിയ മാതൃത്വഗുണങ്ങളും, സ്ത്രീയിൽ സ്ഥിരത ധീരതതുടങ്ങിയ പുരുഷ ഗുണങ്ങളുംവിളയാടിയാൽ സമൂഹജീവിതവും ആത്മീയജീവിതവും അതിവേഗം പുരോഗതിയെപ്രാപിക്കും.നാരീ-പുരുഷ പാരസ്പര്യമാണ ജീവിതത്തിന്റെ അടിസ്ഥാനം. വാക്കും അർത്ഥവും പോലെ, തീയും ചൂടും പോലെ, ഗുണവും ഗുണിയും പോലെ പാരസ്പര്യമുള്ളതാവണം സ്ത്രീ പുരുഷ ബന്ധം, പരമസത്യവും പ്രപഞ്ചത്തിന്റെ മൂലകാരണവും അതേ സമയം നിഷ്ക്രിയവും നിഷ്കളങ്കവുമായ ശി വ ത ത്യത്തിൽ ബോധസ്വരൂപമായ് അന്തർലീനമായിട്ടുള്ള ക്രിയാത്മകതയാണ് ശക്തി.ഇതിന്റെ സം യോഗത്തിനെ ആണ് ശിവശക്തി സംയോഗമെന്ന്പറയുന്നത്.ഭാരതീയ സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ശിവശക്തി സംയോഗമായ അർത്ഥ നാരീശ്വര സങ്കല്പം.ശിവൻ ശക്തി സ്വരൂപിണിയോടു കൂടി ചേരുന്നുവെങ്കിൽ മാത്രമേ സൃഷ്ടി – സ്ഥിതി – സംഹാരാ ദികളായ എന്തുപ്രവൃത്തിയ്ക്കു പ്രാപ്തനാകൂ.അല്ലെങ്കിൽ ഒന്നു ചലിക്കുക കൂടി സാധ്യമല്ല. ആധുനീക ശാസ്ത്രമനുസരിച്ച് പ്രപഞ്ചമാകെ അപരിമേയമായ ഊർജ്ജസ്പന്ദനത്തിൽ അധിഷ്ഠിതമാണ്. ഈ ഊർജ്ജതാണ്ഡവവും ശിവശക്തി സംയോഗവും ആശയതലത്തിൽ ഒന്നാണെന്ന്അംഗീകരിച്ചേ മതിയാകൂ. ഭിക്ഷലഭിക്കാതെ മടങ്ങി നിരാശനായി വിശന്നു ക്ഷീണിച്ചെത്തിയ പരമശിവന് ദേവി മുൻകൂട്ടി സംഭരിച്ചിരുന്ന അന്നം നല്കുകയും, സന്തുഷ്ടനായ ശിവൻ ദേവിയെ ആലിംഗനം ചെയ്തപ്പോൾ അവരുടെ ശരീരങ്ങൾ ഒന്നാകുകയും ചെയ്തുവെന്നാണ് അർത്ഥനാരീശ്വര സങ്കല്പത്തിന് പുരാണത്തിലുള്ള കഥ. ശിവന് അന്നം വിളമ്പിയതു കൊണ്ടെത്രെ അന്നപൂർണ്ണേശ്വരിയായി നാം ദേവിയെ വാഴ്ത്തുന്നത്.വേദ മാതാവായും വേദസ്വരൂപിണിയുമായ ഗായത്രിയായും സൗന്ദര്യത്തിന്റേയുംഐശ്വര്യത്തിന്റെയും അതിദേവതയായ ലക്ഷ്മിയായും, വിദ്യയുടേയും കലകളുടേയും അതിദേവതയായ സരസ്വതിയായും, ദുഷ്ടസംഹാരികയായ സംഹാരരുദ്രയായും ദേവി ആരാധിക്കപ്പെടുന്നു. മാതൃ പുത്ര ബന്ധത്തിന്റെ നിരുപമ സ്വഭാവം കൊണ്ട് ശക്തിസ്വരൂപിണിയായ ദേവിയെ അമ്മയായി ആരാധിക്കുന്നതിൽ ഭക്തർഅത്യാനന്ദം കൊള്ളുകയാണ്. ആ ആനന്ദ പ്രകടനമാണ് ആറ്റുകാൽ പൊങ്കാലയിലും മറ്റും ജനലക്ഷങ്ങളെ ആകർഷിക്കുന്നത്. ജനനീ നവരത്നമഞ്ജരി എന്ന കൃതിയിൽ ശ്രീനാരായണ ഗുരുദേവൻ ദേവിയെ ഏറ്റവും വാത്സല്യവും അനുഗ്രഹവും ലഭിക്കാൻ സാധ്യതയുള്ളസ്വജനനിയായാണ് വാഴ്ത്തുന്നത്.ഒന്നാമത്തെ പദ്യത്തിൽ ‘ജനനി ‘ എന്നുംരണ്ടാമത്തേതിൽ ഉല്ലാഘബോധ ജനനിയെന്നും നാലാംപദ്യത്തിൽ രാജ്യയോഗജനനിയെന്നുംഏഴാം പദ്യത്തിൽ അംബായെന്നും, എട്ടും ഒൻപതും പദ്യത്തിൽ വീണ്ടും ജനനിയെന്നും സംബോധന ചെയ്യുന്നു.ആരാധനാ സങ്കല്പങ്ങളിൽ അത്യുദാത്ത സങ്കല്പമായ മാതൃദേവോ ഭവഃ എന്ന സംസ്ക്കാരത്തിന് ലോകത്തെ നന്മയിലേയ്ക്ക് നയിക്കാനാവുക തന്നെ ചെയ്യും..സ്ത്രീയെ – അമ്മയായും ദേവിയായും ആരാധിക്കുന്ന സംസ്കൃതി നമ്മുടെ ജീവിതത്തിന്റെ ആധാരശിലയാവണമെന്ന പ്രത്യാശ ഇതിലൂടെ പങ്കുവെയ്ക്കുവാൻ ആഗ്രഹിക്കുന്നു. സ്നേഹപൂർവ്വം സ്വരൂപ ചൈതന്യ

Scroll to Top
×